Sorry, you need to enable JavaScript to visit this website.

പാലാ ജനറൽ ആശുപത്രിയിൽ ഹൈടെക് മെഡിക്കൽ ലാബ് തുറന്നു

കോട്ടയം- രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ കീഴിൽ പാലാ ജനറൽ ആശുപത്രിയിൽ ഹൈടെക് മെഡിക്കൽ ലാബ് പ്രവർത്തനം ആരംഭിച്ചു. ജനറൽ ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ ജോസ് കെ. മാണി എം.പി ലാബ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ആധുനിക രോഗനിർണയ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ലാബിനോടനുബന്ധിച്ച് വൈറോളജി ആന്റ് മോളികുലാർ ബയോളജി വിഭാഗവും റേഡിയോ സ്‌കാൻ വിഭാഗവും കൂടി എത്രയും വേഗം ആരംഭിക്കണമെന്ന് ജോസ്. കെ. മാണി ആവശ്യപ്പെട്ടു. ഇതിനാവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. മലയോര മേഖലയുടെ ആവശ്യകത കണ്ടറിഞ്ഞ് ആർ.ജി.സി.ബിയുടെ പ്രാദേശിക ഗവേഷണ കേന്ദ്രം കൂടി പാലായിൽ വേണം. സങ്കീർണമായ രോഗ നിർണയത്തിന് പൂനയിലെ ഇൻസ്റ്റിറ്റിയൂട്ടിനെ ആശ്രയിക്കുന്നതിനു പകരം ദിവസങ്ങളുടെ കാത്തിരിപ്പ് ഒഴിവാക്കുവാൻ പാലായിൽ വൈറോളജി കേന്ദ്രം ആരംഭിക്കണമെന്നും ജോസ്. കെ. മാണി ആവശ്യപ്പെട്ടു. ബയോടെക്‌നോളജി മേഖലയിൽ നിരവധി തൊഴിൽ അവസരങ്ങൾ ലഭിക്കും. വനിതകൾക്കാണ് കൂടുതൽ നേട്ടം. കാർഷിക മേഖലയിലെ മുന്നേറ്റത്തിന് ഉതകുന്ന ഗവേഷണ സ്ഥാപനം ഇവിടെ ആരംഭിക്കുന്നതിന് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പാലായിലെ പ്രാദേശിക കേന്ദ്രത്തിൽ കൂടുതൽ വിഭാഗങ്ങൾ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് ആർ.ജി.സി.ബി ഡയറക്ടർ പ്രൊഫ. ചന്ദ്രദാസ് നാരായണ അറിയിച്ചു. അവയവ മാറ്റശാസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തേണ്ട എല്ലാ പരിശോധനകൾക്കും ഇവിടെ സജ്ജീകരണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എം.പിമാർ ആവശ്യപ്പെട്ട നിർദേശങ്ങൾ പരിഗണിച്ച് ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ നിന്നും ഒരു മണിക്കൂറിനകം പരിശോധനാ ഫലം ഉറപ്പുവരുത്തിയിട്ടുണ്ട്. ഉടൻ തന്നെ കോട്ടയം ജില്ലയിലെ എല്ലാ ആശുപത്രികളുമായി ലാബിനെ ബന്ധിപ്പിച്ച് ഡയഗണോസ്റ്റിക് ഹബ് ആക്കി പാലാ കേന്ദ്രത്തെ മാറ്റും. 
നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഡോ. അർ. അശോക്, സിജി പ്രസാദ്, ബൈജു കൊല്ലംപറമ്പിൽ, ബിജി ജോജോ, ഡോ. ഷമ്മി രാജൻ, ഡോ. പി.എസ്. ശബരീനാഥ്, ഡോ. ടി.എസ്. വിഷ്ണു, ഫിലിപ്പ് കുഴികുളം, പി.എം. ജോസഫ്, പ്രശാന്ത് മോനിപ്പള്ളി, പ്രൊഫ. സതീശ് ചൊള്ളാനി, ജയ്‌സൺമാന്തോട്ടം, പി.കെ. ഷാജകുമാർ, ഡോ. അനീഷ് ഭദ്രൻ എന്നിവർ പ്രസംഗിച്ചു.
 

Latest News