Sorry, you need to enable JavaScript to visit this website.

വര്‍ക്കലയിലെ തീപ്പിടിത്തം: തീ പടര്‍ന്നത് കാര്‍പോര്‍ച്ചിലെ വയറില്‍നിന്ന്

തിരുവനന്തപുരം- വര്‍ക്കലയില്‍ കുടുംബത്തിലെ അഞ്ച് പേര്‍ മരിക്കാനിടയായ തീപിടിത്തമുണ്ടായത് കാര്‍പോര്‍ച്ചിലെ എല്‍.ഇ.ഡി ബള്‍ബിന്റെ വയറില്‍നിന്നെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റിന്റെയും ഫൊറന്‍സിക് വിഭാഗത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂ.

കാര്‍പോര്‍ച്ചില്‍ എല്‍.ഇ.ഡി ബള്‍ബുള്ള ഭാഗത്താണ് ആദ്യം തീ പിടിച്ചതെന്ന് സമീപവീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വയറില്‍നിന്ന് പോര്‍ച്ചിലെ ബൈക്കുകളിലേക്ക് തീ പടര്‍ന്നു. പെട്രോള്‍ ടാങ്കില്‍ തീപിടിച്ചതോടെ വീട്ടിലേക്കും തീപടര്‍ന്നു. ജനല്‍ ചില്ലുകള്‍ തീപിടിത്തത്തില്‍ പൊട്ടിച്ചിതറി. ഹാളിലെ സോഫയിലും കര്‍ട്ടനിലും ജിപ്‌സം ബോര്‍ഡിലും തീപടര്‍ന്നതോടെ പുക മുറിക്കുള്ളില്‍ നിറഞ്ഞാണ് 5 പേരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

അട്ടിമറി സാധ്യത കണ്ടെത്താനായില്ല. തീപിടിത്തം ഉണ്ടായ സമയം വീട്ടുവളപ്പിലേക്ക് ആരും വന്നതായി സി.സി.ടി.വി ദൃശ്യങ്ങളിലില്ല. മൃതദേഹങ്ങള്‍ നാളെ സംസ്‌കരിക്കും. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി നടത്തുന്ന ബേബി എന്ന പ്രതാപന്റെ കുടുംബമാണ് ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മരിച്ചത്. പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇളയ മകന്‍ അഹില്‍ (25), മൂത്ത മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകന്‍ റയാന്‍ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. നിഹുല്‍ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതീവഗുരുതരാവസ്ഥയിലാണ്.

 

 

Latest News