വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ മൂന്നു ലക്ഷം റിയാല്‍; അന്വേഷണമെത്തിയത് ബിനാമി ബിസിനസില്‍

റിയാദ് - കൂളിംഗ് ടെക്‌നീഷ്യന്‍ പ്രൊഫഷനിലുള്ള വിസയില്‍ സൗദിയില്‍ കഴിയുന്ന ബംഗ്ലാദേശുകാരന്‍ ഒളിപ്പിച്ച മൂന്നു ലക്ഷത്തിലേറെ റിയാല്‍ ബിനാമി ബിസിനസ് കണ്ടെത്താന്‍ ബന്ധപ്പെട്ട വകുപ്പുകളെ സഹായിച്ചു.
ബംഗ്ലാദേശുകാരന്‍ ഓടിച്ച കാര്‍ സംശയം തോന്നി സുരക്ഷാ വകുപ്പുകള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിനകത്ത് ബംഗ്ലാദേശുകാരന്റെ കാലുകള്‍ക്കു താഴെ ഒളിപ്പിച്ചു വെച്ച നിലയില്‍ മൂന്നു ലക്ഷത്തിലേറെ റിയാലും  ഇന്‍വോയ്‌സുകളും കണ്ടെത്തിയത്.
അന്വേഷണത്തില്‍ ദക്ഷിണ റിയാദിലെ മൊത്ത പച്ചക്കറി മാര്‍ക്കറ്റില്‍ ബിസിനസ് നടത്തുന്നതിലൂടെ ലഭിച്ച വരുമാനമാണ് ഈ തുകയെന്ന് ബംഗ്ലാദേശുകാരന്‍ വെളിപ്പെടുത്തി. അസീസിയ പച്ചക്കറി മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറികളും പഴവര്‍ഗങ്ങളും മൊത്തമായി വാങ്ങി കിഴക്കന്‍ പ്രവിശ്യയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മൊത്തമായി വിതരണം ചെയ്യുന്ന മേഖലയിലാണ് ബംഗ്ലാദേശുകാരന്‍ പ്രവര്‍ത്തിച്ചിരുന്നത്.
സൗദി പൗരന്റെ ഒത്താശയോടെയാണ് ബംഗ്ലാദേശുകാരന്‍ നിയമ വിരുദ്ധമായി ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറി കടയുടെയും പ്ലംബിംഗ്, ഇലക്ട്രിക്കല്‍ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനത്തിന്റെയും മറവിലാണ് ബംഗ്ലാദേശുകാരന്‍ പച്ചക്കറി മൊത്ത വ്യാപാര മേഖലയില്‍ ബിനാമി ബിസിനസ് നടത്തിയിരുന്നത്. ഇതിന് ആവശ്യമായ മുഴുവന്‍ ഒത്താശകളും സ്ഥാപനങ്ങളുടെ നിയമാനുസൃത ഉടമയായ സൗദി പൗരനാണ് ചെയ്തുകൊടുത്തിരുന്നത്.
പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയ വാണിജ്യ മന്ത്രാലയം കേസ് പിന്നീട് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ റിയാദ് ക്രിമിനല്‍ല്‍ കോടതി ബംഗ്ലാദേശുകാരനെ അഞ്ചു മാസം തടവിന് ശിക്ഷിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ബംഗ്ലാദേശുകാരനെ നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു. സൗദി പൗരനും ബംഗ്ലാദേശുകാരനും കോടതി 80,000 റിയാല്‍ പിഴ ചുമത്തുകയും ചെയ്തു. സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കാനും കോടതി ഉത്തരവിട്ടു. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സൗദി പൗരന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും ഇരുവരില്‍ നിന്നും ഈടാക്കാനും വിധിയുണ്ട്. സൗദി പൗരന്റെയും ബംഗ്ലാദേശുകാരന്റെയും പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും രണ്ടു പേരുടെയും ചെലവില്‍ പത്രത്തില്‍ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.

 

 

Latest News