നെടുമ്പാശ്ശേരി- ഉക്രൈൻ യുദ്ധമുഖത്തു നിന്നുള്ള ദുരിതപൂർണ്ണമായ പലായനത്തിന്റെ ചുരുളുകൾ അഴിച്ച് മെഡിക്കൽ വിദ്യാർത്ഥിനികളായ ഹെലൻ വർഗീസും മീനു എൽദോയും നാട്ടിൽ എത്തി. പന്ത്രണ്ട് ദിവസത്തെ കടുത്ത അനുഭവങ്ങൾ ഇവർ മാധ്യമങ്ങൾക്ക് മുൻപിൽ വിവരിച്ചു. ഹർക്കി മെഡിക്കൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളാണ് ഇരുവരും. യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതൽ മുംബൈയിൽ വന്നിറങ്ങിയ മാർച്ച് ഏഴ് വരെ ഊണും ഉറക്കവും ഇല്ലാത്ത ദിവസങ്ങളായിരുന്നുവെന്ന് വിദ്യാർത്ഥിനികൾ വെളുപ്പെടുത്തി.
യുദ്ധം ആരംഭിച്ച ദിവസം തന്നെ തങ്ങളുടെ ഹോസ്റ്റലിൽ ഉണ്ടായിരുന്ന 100 വിദ്യാർത്ഥികളെ ഇതിനടിയിലുള്ള ബങ്കറിലേയ്ക്ക് മാറ്റി. കൈവശം വേണ്ടത്ര പണം ഇല്ലാതിരുന്നതിന്നാൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും സംഭരിക്കുവാൻ കഴിഞ്ഞില്ല. ബങ്കറിൽ നിന്നും മുകളിൽ കയറി ഭക്ഷണം പാകം ചെയ്യുവാനും അനുവദിച്ചില്ല. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ലൈറ്റ് അണച്ച് ഇരിക്കണമെന്നതായിരുന്നു നിർദ്ദേശം. വാർത്തകൾ ചാനലുകൾ വഴി പുറത്തു വന്നപ്പോൾ കുറേശ്ശേ ഭക്ഷണം തന്നു.
ഹർക്കിയിലെ സ്ഥിതി രൂഷമായതോടെ മാർച്ച് രണ്ടാം തിയ്യതി തങ്ങളെ പുറത്തിറക്കി പോകുവാൻ അനുവദിച്ചു. ലഗേജുകൾ തൂക്കി പതിനഞ്ച് കിലോമീറ്റർ നടന്നാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്ന് ഹെലൻ പറഞ്ഞു. കാറുകളും ടാക്‌സികളും ഞങ്ങളെ കയറ്റാൻ തയ്യാറായിരുന്നില്ല. അറുപതിൽ അധികം വിദ്യാർത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത് . ഇന്ത്യക്കാരെ കയറ്റി കൊണ്ടു പോകുവാൻ ആരും തയ്യാറായില്ല. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴും ഇന്ത്യക്കാർക്ക് വിലക്കുണ്ടായിരുന്നു. തീവണ്ടികളിൽ ഉക്രൈൻ സ്ത്രികൾക്കും കുട്ടികൾക്കും പുരുഷൻമാർക്കും ആയിരുന്നു മുൻഗണന. അവർക്ക് മാത്രമെ സീറ്റുകളിൽ ഇരുന്ന് യാത്ര ചെയ്യുവാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. മൂന്നാമതെ തീവണ്ടിയിലാണ് കയറിയത്. ഇതിനിടയിൽ എ കെ 47 തോക്കുകൾ കൊണ്ടും കൈ കൊണ്ടുള്ള ഇടികൾ പലർക്കും കിട്ടി. മുഖത്ത് ചോരയൊലിപ്പിച്ച് നിന്ന വിദ്യാർത്ഥികളും ഏറേ ഉണ്ടായിരുന്നു. ഒറ്റക്കാലിൽ നിന്നു കൊണ്ടാണ് തീവണ്ടിയിൽ നാല് മണിക്കൂർ യാത്ര ചെയ്തത്. തീവണ്ടിയുടെ വാതിൽ തുറന്നാൽ നിൽക്കുന്നവരെല്ലാം പുറത്തേയ്ക്ക് മറഞ്ഞു വീഴുന്ന സ്ഥിതിയായിരുന്നു. മാർച്ച് മൂന്നിന് ഡമിത്രോമിൽ എത്തിയപ്പോഴാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഭക്ഷണവും വെള്ളവും വാങ്ങി കഴിച്ചത്. അവിടെ നിന്നും ബസിൽ എട്ട് മണിക്കൂർ യാത്ര ചെയ്താണ് ചോപ്പിൽ എത്തിയത്. വഴിയിലുടനീളം യുക്രൈയിൻ പട്ടാളക്കാരുടെ കർശനമായ പരിശോധന ഉണ്ടായിരുന്നു. നിരത്തു വക്കിലല്ലാം റഷ്യൻ ടാങ്കറുകളും വാഹനങ്ങളും കത്തിയനിലയിൽ കാണാമായിരുന്നു. തങ്ങൾ റഷ്യക്കാരല്ലന്ന് സ്ഥിരീകരിക്കുകയായിരുന്നു ഉക്രൈൻ പട്ടാളക്കാരുടെ ലക്ഷ്യം. ഇതിനായി വിദ്യാർത്ഥികൾ എല്ലാം മൊബൈലിൽ ഇന്ത്യൻ പതാകയിട്ടു .
ചോപ്പിൽ നിന്നും ഒരു മണിക്കുറുകൊണ്ട് ഹംഗറി അതിർത്തിയായ കഫോണിയിൽ എത്തി. അവിടെ വിസ വാങ്ങുവാനുള്ള തിരക്കായിരുന്നു. ഇന്ത്യൻ പാസ്‌പോർട്ട് അടക്കിവെച്ച് അവിടെ കാത്ത് നിൽക്കേണ്ടി വന്നു. ഇന്ത്യക്കാരെ ഏറ്റവും അവസാനമാണ് വിസക്കായി പരിഗണിച്ചിരുന്നത് . തദ്ദേശവാസികളായ ഇന്ത്യക്കാർ അവിടെ വെച്ച് തങ്ങൾക്ക് ഭക്ഷണം തന്നതായി ഇവർ പറഞ്ഞു. അവിടെ നിന്നും ബസിലാണ് ബുദ്ധ ബോർഡറിൽ എത്തിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ തങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഹംഗറിയിൽ നിന്നും എയർ ഇന്ത്യയുടെ ചാർട്ടർ വിമാനത്തിൽ വൈകുന്നേരം ഏഴരക്ക് മുംബൈയിൽ എത്തി. അവിടെ നിന്നാണ് കൊച്ചിയിലേക്കുള്ള വിമാനത്തിൽ കയറ്റി വിട്ടത്. ഹംഗറിയിലെ വിമാനത്താവളത്തിൽ എത്തുന്നതു വരെ ഇന്ത്യൻ എംബസിയുടെ ഒരു സഹായവും തങ്ങൾക്ക് ഉണ്ടായിരുന്നില്ലന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. മീനു ഉക്രൈനിൽ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്. ഹെലൻ മൂന്ന് മാസം മുൻപാണ് പഠിക്കാൻ പോയത്. ഇവരുടെ അസൽ സർട്ടിഫിക്കറ്റുകൾ എല്ലാം അവിടത്തെ യൂണിവേഴ്‌സിറ്റിയിലാണ്. തുടർവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്ക ഇവരെ അലട്ടുന്നു.