കൊച്ചി- കൊച്ചിയിൽ ഒന്നര വയസുള്ള പെൺകുട്ടിയെ വെള്ളത്തിൽ മുക്കിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മുത്തശ്ശിയുടെ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ ഇന്നലെയാണ് ഇരുവരും മുറി എടുത്തത്. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസ് ആണ് പിടിയിലായത്. ഇയാള്‍ നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണ്. നൂറ മരിയ എന്ന ഒന്നര വയസുകാരിയാണ് കൊല്ലപ്പെട്ടത്. നൂറയുടെ മുത്തശ്ശി ഡിക്സിയാണ് സുഹൃത്തിനൊപ്പം മുറി എടുത്തത് എന്നാണ് പോലീസ് നല്കുന്ന വിവരം.
കുഞ്ഞിന്റെ അമ്മക്ക് വിദേശത്താണ് ജോലി. കുഞ്ഞിനെ നോക്കാൻ മുത്തശ്ശിയെയാണ് ഏൽപ്പിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മുത്തശ്ശിയും കുഞ്ഞും ഇയാളും കലൂരിലെ ഹോട്ടലിൽ മുറി എടുത്തത്. രാത്രി ഇവർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞ് മരിച്ചിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുഞ്ഞിനെ ഇയാൾ ബക്കറ്റിൽ മുക്കി കൊല്ലുകയായിരുന്നു എന്നാണ് സംശയം. മുറിയെടുക്കുമ്പോൾ ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടിയുടെ ശ്വാസകോശത്തില്‍ വെള്ളം കണ്ടെത്തി.