Sorry, you need to enable JavaScript to visit this website.

സൗദി ജയിലുകളിൽ ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കുന്നു

റിയാദ് - സൗദിയിലെ ജയിലുകളിൽ ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കാൻ തീരുമാനിച്ചതായി ജയിൽ വകുപ്പ് അറിയിച്ചു. കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട് ബാധകമാക്കിയ നിയന്ത്രണങ്ങൾ എടുത്തുകളയാനുള്ള തീരുമാനത്തോടനുബന്ധിച്ചാണ് ജയിലുകളിൽ ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കുന്നത്. അടുത്ത ഞായറാഴ്ച മുതൽ പദ്ധതി പുനരാരംഭിക്കുമെന്ന് ജയിൽ വകുപ്പ് പറഞ്ഞു. 
മാസത്തിൽ നിശ്ചിത ദിവസങ്ങളിൽ തടവുകാർക്ക് ഭാര്യമാരുമായും മക്കളുമായും ജയിലുകളിൽ ഒരുമിച്ച് കഴിയാൻ അവസരമൊരുക്കുന്ന സേവനമാണ് ഫാമിലി ഹോം പദ്ധതി. ജയിൽ കോംപൗണ്ടുകളിൽ നിർമിച്ച ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളിലും ഫ്‌ളാറ്റുകളിലുമാണ് തടവുകാർക്ക് കുടുംബ സമേതം കഴിയാൻ അവസരമൊരുക്കുന്നത്. തടവുകാരുടെയും കുടുംബാംഗങ്ങളുടെയും മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനും കുടുംബബന്ധങ്ങൾ ശിഥിലമാകാതെ നോക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി ജയിൽ വകുപ്പ് നടപ്പാക്കുന്നത്. പദ്ധതി ഏറെ ഫലപ്രദമാണെന്ന് മുൻകാലത്ത് തെളിഞ്ഞിരുന്നു. 
കൊറോണ വ്യാപനത്തെ തുടർന്ന് ഈ പദ്ധതി ജയിൽ വകുപ്പ് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. വ്യവസ്ഥകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് മാസത്തിൽ നിശ്ചിത ദിവസങ്ങളിൽ തടവുകാരെയും കുടുംബങ്ങളെയും ജയിലുകൾക്കകത്ത് പ്രത്യേകം സജ്ജീകരിച്ച അപാർട്ട്‌മെന്റുകളിലും ഫ്‌ളാറ്റുകളിലും ഒരുമിച്ചു കഴിയാൻ അനുവദിക്കുന്നത്.
 

Latest News