കല്‍പറ്റ- കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ് രാഹുല്‍ഗാന്ധി എം.പി പങ്കെടുത്ത ചടങ്ങ് മുസ്‌ലിം ലീഗ് ബഹിഷ്‌കരിച്ചു.
വയനാട്ടിലെ കണിയാമ്പറ്റ, പനമരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുണ്ടക്കരഅരിഞ്ചേര്‍മലചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിക്കുന്ന ചടങ്ങിലായിരുന്നു മുസ്‌ലിംലീഗിന്റെ അസാന്നിധ്യം. രണ്ടു പഞ്ചായത്തുകളിലെയും മുസ്‌ലിംലീഗ് നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തില്ല.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകാലം മുതല്‍ കണിയാമ്പറ്റ പഞ്ചായത്തില്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും രസത്തിലല്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ കൊഴിഞ്ഞങ്ങാട്, ചിത്രമൂല, പള്ളിമുക്ക്, പച്ചിലക്കാട് വാര്‍ഡുകളില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിരുന്നു. യു.ഡി.എഫിനു മേല്‍ക്കൈയുള്ള ഈ വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തോറ്റതിനു കാരണം കോണ്‍ഗ്രസിന്റെ കാലുവാരലാണെന്നാണ് ലീഗ് നേതൃത്വം വിലയിരുത്തിയത്. എന്നാല്‍ ലീഗിലെ വിഭാഗീയതയാണ് തോല്‍വിക്കു ഇടയാക്കിയതെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.
സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞുടുപ്പുമായി ബന്ധപ്പെട്ടും രണ്ടു പാര്‍ട്ടികള്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായി. സി.ഡി.എസ് ഭാരവാഹിത്വം 'ഷെയര്‍' ചെയ്യണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ലീഗ് വഴങ്ങിയില്ല. ഇതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് തെരഞ്ഞടുപ്പില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ റൈഹാനത്ത് ബഷീറായിരുന്നു ലീഗീന്റെ സ്ഥാനാര്‍ഥി. ലീഗ് വിമതയായി ജംഷീന കുനിങ്ങാരത്താണ് ഇവര്‍ക്കെതിരെ മത്സരിച്ചത്. 18 വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. രണ്ടു സ്ഥാനാര്‍ഥികള്‍ക്കും ഒമ്പത് വീതം വോട്ട് കിട്ടി. ഒടുവില്‍ നറുക്കെടുപ്പിലൂടെയാണ് റൈഹാനത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണായത്. ഇതിനു പിന്നാലെ, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌സി.പി.എം ഒത്തുകളി നടന്നതായി ലീഗ് ആരോപിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണിയെ പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ലീഗുകാര്‍ കൈയേറ്റം ചെയ്യുകയുമുണ്ടായി. ഇതു സംബന്ധിച്ചു യു.ഡി.എഫ് ജില്ലാ നേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം മുസ്‌ലിം ലീഗിനെ പരസ്യമായി കുറ്റപ്പെടുത്തി രംഗത്തുവന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ രാഹുല്‍ഗാന്ധി പങ്കെടുത്ത ചടങ്ങില്‍ കണ്ടത്.
കണിയാമ്പറ്റ പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനത്തെ പരിഹസിക്കുന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചതിലുള്ള പ്രതിഷേധമാണ് എം.പി പങ്കെടുത്ത പരിപാടിയില്‍നിന്നു വിട്ടുനില്‍ക്കുക വഴി അറിയിച്ചതെന്നു മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.പി.യൂസഫ് പറഞ്ഞു. യു.ഡി.എഫ് സംവിധാനത്തിനു നിരക്കാത്ത നിലപാടുകളാണ് കണിയാമ്പറ്റയില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇക്കാര്യം മുന്നണി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിട്ടും പരിഹാരം ഉണ്ടായില്ലെന്നും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാനുമായ യൂസഫ് പറഞ്ഞു.