തിരുവനന്തപുരം- തിരുവല്ലം കസ്റ്റഡി മരണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് എസ്.ഐമാര്‍ക്കും ഒരു ഗ്രേഡ് എസ്.ഐക്കുമെതിരെയാണ് നടപടി. സി.ഐക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.
അതേസമയം, സുരേഷിന്റെത് കസ്റ്റഡി കൊലപാതകം അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട. ഹൃദയാഘാതമാണ് മരണകാരണമെന്നും മരണത്തിലേക്ക് നയിച്ച പരിക്കുകളില്ലെന്നുമുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.
ഹൃദയാഘാതത്തിന്റെ കാരണം അറിയാന്‍ കൂടുതല്‍ പരിശോധന ഫലം കൂടി വരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് തിരുവല്ലം പോലീസിന്റെ കസ്റ്റഡിയിലിരിക്കെ, സുരേഷ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഞായറാഴ്ച വൈകുന്നേരം ആക്രമിച്ചതിനാണ് മരിച്ച സുരേഷ് ഉള്‍പ്പടെയുള്ള അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തത്.
പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് സുരേഷിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ലോക്കപ്പ് മര്‍ദനമാണ് മരണകാരണമെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു.