യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ വില കുതിച്ചുയരുന്ന സ്വര്‍ണത്തിന് കേരളത്തില്‍ ഒരു പവന്‍ വില 40560 രൂപയായി. ബുധനാഴ്ച പവന് 1040 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 130 രൂപയും വര്‍ധിച്ച് 5070 രൂപയിലെത്തി. തിങ്കളാഴ്ച 800 രൂപ വര്‍ധിച്ചെങ്കിലും ചൊവ്വാഴ്ച മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ബുധനാഴ്ച വലിയ കുതിപ്പാണുണ്ടായത്. വില ഇനിയും വര്‍ധിച്ചേക്കുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. വില കുതിച്ചുയര്‍ന്നതോടെ ആഭരണ വില്‍പ്പന മന്ദഗതിയിലായി. അതേസമയം പഴയ സ്വര്‍ണം വിറ്റ് പണമാക്കി മാറ്റുന്നതും വര്‍ധിച്ചു.
രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് (31.1 ഗ്രാം) വില 2056 ഡോളറായി ഉയര്‍ന്നതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും പ്രകടമായത്. യുദ്ധ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആഗോള നിക്ഷേപകര്‍ക്കിടയില്‍ പ്രിയം കൂടുന്നതോടെ ഡിമാന്‍ഡും കൂടുന്നതാണ് വിലവര്‍ധനയ്ക്ക് കാരണം.
സ്വര്‍ണത്തിന് ഇതു രണ്ടാം തവണയാണ് 40000 രൂപ കടക്കുന്നത്. 2020 ഓഗസ്റ്റ് ഏഴിനാണ് കേരളത്തില്‍ സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. പവന് 42000 രൂപയായിരുന്നു അന്നത്തെ നിരക്ക്.