Sorry, you need to enable JavaScript to visit this website.

അൽറസ്, സഅദ് സൗരോർജ പദ്ധതികൾക്ക് കരാർ ഒപ്പുവെച്ചു

റിയാദ് - അൽറസ്, സഅദ് സൗരോർജ പദ്ധതികൾ നടപ്പിലാക്കാൻ ഊർജ മന്ത്രാലയം കരാറുകൾ നൽകി. മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരന്റെ സാന്നിധ്യത്തിലാണ് പദ്ധതികൾക്ക് കരാറുകൾ ഒപ്പുവെച്ചത്. ഇതോടൊപ്പം ഇരു പദ്ധതികളും നടപ്പാക്കുന്ന കൺസോർഷ്യങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാൻ സൗദി ഇലക്ട്രിസിറ്റി കമ്പനിയും കരാർ ഒപ്പുവെച്ചു. 
അൽഖസീം പ്രവിശ്യയിലെ അൽറസ് സൗരോർജ പദ്ധതി സൗദിയിലെ അക്വാപവർ കമ്പനിയും എസ്.പി.ഐ.സി കമ്പനിയും വാട്ടർ ആന്റ് ഇലക്ട്രിസിറ്റി ഹോൾഡിംഗ് കമ്പനിയും ചേർന്ന് സ്ഥാപിച്ച കൺസോർഷ്യമായ അൽറസ് സോളാർ എനർജി കമ്പനിയാണ് നടപ്പാക്കുന്നത്. 700 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് 170 കോടി റിയാൽ നിക്ഷേപങ്ങളോടെയാണ് പൂർത്തിയാക്കുന്നത്. ഒരു യൂനിറ്റ് വൈദ്യുതി 5.62 റിയാൽ നിരക്കിലാണ് അൽറസ് സോളാർ എനർജി കമ്പനിയിൽ നിന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി വാങ്ങുക.  
റിയാദ് പ്രവിശ്യയിൽ പെട്ട റുമാഹിലെ സഅദിൽ നടപ്പാക്കുന്ന സഅദ് സൗരോർജ പദ്ധതി ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിൻകോ പവർ കമ്പനിയും ജിൻകോ മിഡിൽ ഈസ്റ്റ് ഹോൾഡിംഗ് കമ്പനിയും ജിൻകോ പവർ ദഫ്‌റ ഹോൾഡിംഗ് കമ്പനിയും ചേർന്ന് സ്ഥാപിച്ച കൺസോർഷ്യമാണ് നടപ്പാക്കുന്നത്. സഅദ് സൗരോർജ പദ്ധതി 80 കോടി റിയാൽ ചെലവഴിച്ചാണ് നടപ്പാക്കുന്നത്. ഇതിന്റെ ശേഷി 300 മെഗാവാട്ട് ആണ്. ഇവിടെ നിന്നുള്ള വൈദ്യുതിയും യൂനിറ്റിന് 5.62 റിയാൽ നിരക്കിലാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി വാങ്ങുക. 
പുനരുപയോഗ ഊർജ പദ്ധതികളിൽ നിന്ന് 15,000 മെഗാവാട്ട് ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾക്ക് ഈ വർഷവും അടുത്ത കൊല്ലവുമായി കരാറുകൾ അനുവദിക്കാൻ ലക്ഷ്യമിടുന്നതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. വൈദ്യുതി ഉൽപാദനത്തിന് ക്രൂഡ് ഓയിൽ ആശ്രയിക്കുന്നതിനു പകരം ഗ്യാസും പുനരുപയോഗ ഊർജവും പ്രയോജനപ്പെടുത്താനുള്ള വിഷൻ 2030 പദ്ധതി പ്രാവർത്തികപഥത്തിൽ യാഥാർഥ്യമാക്കാനുള്ള ദിശയിലെ ചുവടുവെപ്പുകളാണ് അൽറസ്, സഅദ് സൗരോർജ പദ്ധതികൾ. 
ദേശീയ പുനരുപയോഗ ഊർജ പ്രോഗ്രാം യാഥാർഥ്യമാക്കാനുള്ള ദിശയിലെ ചുവടുവെപ്പുകളും ഊർജ ഉൽപാദന, ഉപയോഗ ഫലമായ കാർബൺ ബഹിർഗമനം കുറക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയുടെ മൂർത്തീകരണവുമാണ് ഈ പദ്ധതികൾ. സർക്കുലാർ കാർബൺ ഇക്കോണമി സമീപനത്തിന് അടിത്തറയിടാനുള്ള താൽപര്യവും ഇത് പ്രതിഫലിപ്പിക്കുന്നു. 2030 ഓടെ വൈദ്യുതി ഉൽപാദനത്തിന്റെ പകുതിക്ക് പ്രകൃതി വാതകവും പുനരുപയോഗ ഊർജ സ്രോതസ്സുകളും അവലംബിക്കാനാണ് പദ്ധതി. ഇതിലൂടെ വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ ക്രൂഡ് ഓയിലിൽ പ്രതിദിനം പത്തു ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്താൻ സാധിക്കും. പുതിയ പുനരുപയോഗ ഊർജ പദ്ധതികൾ സൗദി അറേബ്യയുടെ വൈദ്യുതി ഉൽപാദന ശേഷിയും വൈദ്യുതി ശൃംഖലയുടെ വിശ്വാസ്യതയും ശക്തിപ്പെടുത്തുകയും പുനരുപയോഗ ഊർജം ഉപയോഗിച്ച് വൈദ്യുതി ഉൽപാദന, കയറ്റുമതി മേഖലയിലെ പ്രധാന രാജ്യമായി മാറാനുള്ള പദ്ധതിക്ക് കരുത്തു പകരുകയും ചെയ്യും. 
അൽറസ്, സഅദ് സൗരോർജ പദ്ധതികൾ 1,80,000 ലേറെ ഭവനങ്ങൾക്ക് ആവശ്യമായ വൈദ്യുതി നൽകും. പ്രതിവർഷം 17.5 ലക്ഷം ടൺ കാർബൺ ബഹിർഗമനം കുറക്കാനും പദ്ധതികൾ സഹായിക്കും. വൈദ്യുതി വാങ്ങാൻ സൗദി ഇലക്ട്രിസിറ്റി കമ്പനി 25 വർഷത്തേക്ക് കരാർ ഒപ്പുവെച്ച് പുനരുപയോഗ ഊർജ പദ്ധതികൾക്ക് പിന്തുണ നൽകുന്നതായും ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 

 

Latest News