Sorry, you need to enable JavaScript to visit this website.

കാരാട്ട് റസാഖിനെ കല്യാണത്തിന് വിളിക്കാത്ത ലീഗുകാർ 

കൊന്നവരെയും കൊല്ലിച്ചവരെയും  ചൊല്ലിയുള്ള വാഗ്വാദങ്ങൾക്കവസാനമില്ല.  ലീഗുകാർ 44 പേരെ കൊന്നോ ? കൊന്നെന്നാണ് മന്ത്രി കെ.ടി ജലീൽ കഴിഞ്ഞ ദിവസം  നിയമസഭയിൽ പറഞ്ഞത്. കൊല്ലപ്പെട്ടവർ ചെയ്ത ഒരേയൊരു തെറ്റ് അവർ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ല്യാരുടെ അനുയായികളായി എന്നതും.  കൊന്നവരുടെ മയ്യത്തുകൾ നിങ്ങൾ തിന്നോ എന്നും ജലീൽ  വകുപ്പ് ചർച്ചക്ക് മറുപടി പറയവെ  തന്റെ മുൻ പാർട്ടിക്കാരോട് ചോദിച്ചിരുന്നു.  കൊന്നവരുടെ ലിസ്റ്റ് വേണമെന്നായിരുന്നു ലീഗംഗങ്ങളുടെ ഇന്നലത്തെ ആവശ്യം.  കൊന്നു എന്ന് പറഞ്ഞ ജലീലിന്റെ വാദം വി.കെ.ഇബ്രാഹിം കുഞ്ഞ്  പ്രത്യേക പരാമർശത്തിലൂടെയാണ്  ചോദ്യം ചെയ്തത്.  ഇബ്രാഹിം കുഞ്ഞിന് ഇങ്ങിനെയൊരവസരം നൽകിയത് മന്ത്രി എ.കെ.ബാലന് അത്ര ഇഷ്ടമായമട്ടില്ല. കഴിഞ്ഞ ദിവസം നടന്ന പ്രശ്‌നം ഇപ്പോഴാണോ ക്രമ പ്രശ്‌നമായി ഉന്നയിക്കുന്നതെന്ന് മന്ത്രി ബാലന്റെ ചോദ്യം. സഭ നടത്തിക്കൊണ്ടു പോകുന്ന കാര്യത്തിൽ സ്പീക്കറെ സഹായിക്കേണ്ടയാളായ പാർല്ലമെന്ററികാര്യ മന്ത്രി ഈ വിധത്തിൽ പറയുന്നതു ശരിയോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടൽ. സ്പീക്കറെ ചോദ്യം ചെയ്തതല്ലെന്ന് മന്ത്രി ബാലന്റെ തിരുത്ത്.   ലീഗു കൊന്നവരുടെ ലിസ്റ്റ്, ഓരോ കൊലപാതകത്തിന്റെയും പോലീസ് റിപ്പോർട്ടടക്കം മേശപ്പുറത്ത് വെക്കണം എന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ കർശനമായ ആവശ്യം. ജലീൽ അങ്ങിനെ ചെയ്യുന്നില്ലെങ്കിൽ സഭാരേഖകളിൽ നിന്ന് കൊലപാതക ആരോപണം നീക്കണം- ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യം അങ്ങിനെപോയി.  ലീഗിന്റെ രാഷ്ട്രീയ പാരമ്പര്യം പറയവേ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ച 1940 കളുടെ കാര്യം  ഇബ്രാഹിം കുഞ്ഞ് പരാമർശിച്ചിരുന്നു.  ചരിത്രഅറിവിന്റെ കണ്ണും കാതും തുറന്ന് വെച്ചിരിക്കുന്ന മന്ത്രി ജി.സുധാകരനുണ്ടോ വിടുന്നു.  ലീഗ് 1935ൽ ബ്രിട്ടീഷ് കാലത്ത് തന്നെ മത്സരിച്ചിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ ചരിത്രാന്വേഷണ പരീക്ഷണം.  സുധാകരൻ പറയുന്നത് സർവേന്ത്യ ലീഗിന്റെ കാര്യമാണെന്നും, അതുമായി ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന് ബന്ധമില്ലെന്നും ലീഗിലെ  അഡ്വ.എം.ഉമ്മറിന്റെ വിശദീകരണം. ' ഓർഡർ, ഓർഡർ... ' ഇതെന്താ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ രൂപീകരണമാണോ ഇവിടെ ചർച്ച ചെയ്യുന്നതെന്ന്‌സ്പീക്കർ പി.രാമകൃഷ്ണന്റെ ചോദ്യം.
ലീഗുകാർ കൊന്നു എന്നൊക്കെ പറഞ്ഞാൽ അതാരും വിശ്വസിക്കില്ലെന്നാണ് സായാഹ്ന സമ്മേളനത്തിലെ ബിൽ ചർച്ചയിൽ കോൺഗ്രസ് അംഗം വി.പി സജീന്ദ്രൻ പറഞ്ഞത്. '' ലീഗുകാരുടെമേൽ ആരെങ്കിലും കൊലപാതകം ആരോപിക്കുമോ. അവർ ആകപ്പാടെ നടത്തുന്നത്, മീറ്റിങ്ങും, ഈറ്റിങ്ങുമല്ലേ ..തന്റെ വകുപ്പിനെക്കുറിച്ച് ഫലപ്രദമായി ഒന്നും പറയാതെയാണ് ജലീൽ ലീഗിനെതിരെ സംസാരിച്ചത്. കൊന്നവരുടെ ലിസ്റ്റു ചോദിച്ചപ്പോൾ വാട്‌സ് ആപ്പിലും മൊബൈലിലും മാറി, മാറിനോക്കുകയാണ് , മന്ത്രി ചെയ്തത്. വകുപ്പിനെക്കുറിച്ച് എങ്ങിനെ പഠിച്ച് സംസാരിക്കണമെന്ന് ശൈലജ ടീച്ചറെയെങ്കിലും കണ്ടു പഠിക്കണം.'' 
ലീഗ്കാരെക്കുറിച്ച് മറ്റൊരു മുൻലീഗുകാരൻ കാരാട്ട് റസാഖിന്റെ പരാതി മറ്റൊന്നായിരുന്നു.  നാട്ടിലിപ്പോൾ ലീഗുകാർ തന്നെ കണ്ടാൽ സലാം ചൊല്ലുന്നില്ല. തന്നെയുമോ, കല്യാണത്തിനും വിളിക്കുന്നില്ല. ഇതെന്തൊരവസ്ഥ ? 
ഏതായാലും വിവാദങ്ങൾക്കൊടുവിൽ ജലീൽ ദീർഘനേരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കടുത്തും തുടർന്ന് ലീഗംഗങ്ങൾക്കരികിലും കുശലത്തിൽ മുഴുകുന്നത് കാണാമായിരുന്നു.
വൈദ്യസഹായ രംഗവും പൊതുജനാരോഗ്യവും,കുടുംബക്ഷേമം, സാമൂഹ്യ സുരക്ഷിതത്വം എന്നീ വകുപ്പുകളിന്മേലായിരുന്നു ഇന്നലെ ബജറ്റ് ചർച്ച. എല്ലാവകുപ്പുകളും മന്ത്രി ശൈലജ ടീച്ചറുടേത്. 
വകുപ്പിന്റെ പ്രവർത്തനത്തെ പി.സി ജോർജ് വിലയിരുത്തിയതിങ്ങനെയാണ് '' ഒരു കുറ്റവും പറയാൻ പറ്റാത്ത വകുപ്പ്. നല്ല പ്രവർത്തനം.'' കെ.ബി ഗണേഷ്‌കുമാറും അതു തന്നെ പറഞ്ഞു .'' എന്ത് കാര്യം എഴുതി ചോദിച്ചാലും മറുപടിയെങ്കിലും കിട്ടുന്നുണ്ട്. നല്ല കാര്യം.'' കോൺഗ്രസിലെ ശബരീനാഥ് പക്ഷെ ശൈലജ ടീച്ചർക്ക് അത്തരം ആനുകൂല്യങ്ങളൊന്നും നൽകാൻ തയ്യാറല്ല. വളരെ ചെറിയ കാലാവധിക്കുള്ളിൽ തന്നെ 110പേരെ പനിക്ക് കൊടുത്ത സർക്കാരാണിത്. ആളുകൾ പനിപിടിച്ച് മരിക്കുമ്പോൾ പാർട്ടി സമ്മേളന ആഘോഷം നടത്തിയവർ.
ചൈനയിൽ പോയി വന്ന് ശൈലജ ടീച്ചർ എഴുതിയ ലേഖനത്തിന്റെ ആവേശത്തിലാണിപ്പോഴും യു.പ്രതിഭഹരി. അവിടെ ഭക്ഷണമില്ലാതാകുന്നവർക്കും, ചികിത്സ കിട്ടാത്തവർക്കും പ്രത്യേക സംവിധാനം വഴി അത് ലഭ്യമാക്കുന്ന അവസ്ഥയുണ്ടെന്നാണ് മധുരചൈനയെക്കുറിച്ച് ടീച്ചർ എഴുതിയത്. 
ആർ.എസ്,എസുകാർ കൊന്ന തലശ്ശേരിയിലെ യു.കെ. കുഞ്ഞിരാമനെക്കുറിച്ച് കഴിഞ്ഞ ദിവസം സഭയിൽ ഒരംഗം ഇകഴ്ത്തി സംസാരിച്ചതൊന്നും പ്രതിഭക്ക് സഹിക്കാൻ കഴിയുന്നതിലുമപ്പുറമുള്ളകാര്യങ്ങളാണ്. ഇത്തരത്തിൽ പെരുമാറുന്നവരെ നോക്കി പ്രതിഭയെപ്പോലുള്ള കമ്യൂണിസ്റ്റുകൾ പറയുന്ന ഒരു കാര്യമുണ്ട്-നിങ്ങൾ ചരിത്രബോധമില്ലാത്തവരാണ്. ആ രീതിയിൽ ധീരമായി മരിക്കുന്നവരെക്കുറിച്ച് മുരുകൻ കാട്ടാക്കടയെഴുതിയ വരികൾ പ്രതിഭ മനോഹരമായങ്ങ് ചൊല്ലി അവസാനിപ്പിച്ചപ്പോൾ സഹ പ്രവർത്തകരുടെ അഭിനന്ദന പ്രവാഹം. 
ഇടതു ഭരണത്തിൽ സുലഭമായിട്ടുള്ളത് കണ്ണീർ മാത്രമാണെന്നാണ് കോൺഗ്രസ് അംഗം   വി.എസ് ശിവകുമാറിന്റെ പക്ഷം. വീണാജോർജ് പറയുന്നത് മോഡി സർക്കാരിനെ തൂത്തെറിയാനുള്ള കാറ്റ്  മഹാരാഷ്ട്രയിൽ നിന്ന് ഇങ്ങെത്തിക്കഴിഞ്ഞെന്നാണ്. ചെങ്കൊടിയേന്തി വരുന്ന ആ മഹാശക്തിയെ ഓർത്ത് വീണ ആവേശഭരിതയായി.
കുമ്മനടി തുടങ്ങിയ രാഷ്ട്രീയ പരിഹാസ പദങ്ങൾ കേരളത്തിനിപ്പോഴറിയാം- എന്നാലിതാ കവി കൂടിയായ കോൺഗ്രസ് അംഗം എൽദോസ് കുന്നപ്പിള്ളി ഒരു പുതിയ പ്രയോഗം സഭയിലെത്തിച്ചിരിക്കുന്നു- തുഷാറടി. തുഷാർ വെള്ളാപ്പള്ളിയെ ബി.ജെ.പി അവഗണിച്ചതാണ് വിഷയം. 
വകുപ്പ് ചർച്ചക്ക് മറുപടി പറയവേ, ശൈലജ ടീച്ചർ  ആരോഗ്യവകുപ്പിൽ കാര്യങ്ങൾ ഏത് വിധത്തിലാണ് നല്ല നിലക്ക് നടക്കുന്നതെന്ന് വീട്ടിൽ ചെന്ന് ഭാര്യയോട് ചോദിക്കണമെന്ന് കോൺഗ്രസിലെ ശബരീനാഥിനോട് പറഞ്ഞത്, ലീഗിലെ മഞ്ഞളാംകുഴി അലിക്ക് തീരെ ഇഷ്ട്ടപ്പെട്ടില്ല. ടീച്ചറിങ്ങനെ പറയുന്നത് ശരിയല്ലെന്നായി അലി. ആരോഗ്യവകുപ്പിന്റെ പദ്ധതികൾ നന്നായി നടത്തിക്കൊണ്ടു പോകുന്ന തിരുവനന്തപുരം ഡപ്യൂട്ടി കലക്ടറും ശബരീനാഥിന്റെ ഭാര്യയുമായ  ലളിതാ അയ്യരെന്ന മിടുക്കി കുട്ടിയെപ്പറ്റിയാണ് താൻ പറഞ്ഞതെന്നായിരുന്നു ടീച്ചറുടെ വിശദീകരണം. അലി കാര്യം മനസ്സിലാകാതെയാകാം പ്രതിഷേധിച്ചത്.
ജി.എസ്. ജയലാൽ, വി.കെ. ഇബ്രാഹിം കുഞ്ഞ്,  യു.ആർ .പ്രതീപ്, റോഷി അഗസ്റ്റിൻ, എം. ഉമ്മർ,   കെ.രാജൻ,പുരുഷൻ കടലുണ്ടി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.   വിദേശ ജോലിക്ക് പോകാൻ പോലീസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ അവസ്ഥ വരുത്തിവെക്കുന്ന വിന വിവരിച്ചത് ലീഗ് അംഗം എൻ.എ നെല്ലിക്കുന്നാണ്. കോളേജിൽ പഠിക്കുന്ന കാലത്തൊക്കെ വല്ല വിദ്യാർഥി സമരത്തിലും പെടുന്നവർ പോലും ജോലി നേടാൻ സർട്ടിഫിക്കറ്റ് നേടേണ്ടി വരുന്ന അവസ്ഥ യുവാക്കൾക്ക് ദ്രോഹകരമാണ്. ഇക്കാര്യത്തിൽ വേണ്ടതുചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.  
കെഎസ്ആർടിസിയിലെ പെൻഷൻ പ്രായം ഉയർത്തൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള  അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് കോൺഗ്രിലെ വി.ടി ബൽറാം. ഒരു കനൽ മതി എന്ന് എപ്പോഴും വീമ്പിളക്കുന്ന കമ്യൂണിസ്റ്റ് യുവജന സംഘടനകളുടെ തരിപോലും കാണാനില്ലല്ലോ എന്ന് പതിവ് പോലെ ബൽറാമിന്റെ രൂക്ഷ പദങ്ങൾ. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിന്റെ ആദ്യപടിയാണിത്. 
പെൻഷൻ പ്രായം ഉയർത്തൽ സർക്കാറിന്റെ  പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സമാശ്വാസം.
തന്റെ പേര് സ്ഥിരമായി തെറ്റായി പറയുന്ന ചെയറിനോടുള്ള നീരസം മറച്ചു വെക്കാതെയാണ് ലീഗിലെ അഡ്വ.കെ.എൻ.എ ഖാദർ കേരള പ്രൊഫഷനൽ കോളേജുകൾ സംബന്ധിച്ച ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരം തുടങ്ങിയത്. ഖാദറിന്റെ ബാപ്പ വൈദ്യരും അധ്യാപകനുമായിരുന്നു. അതുകൊണ്ട് തന്നെ തനിക്ക് ആയുർവ്വേദമുൾപ്പെടെയുള്ള ചികിത്സാ ശാഖകളോടൊന്നും ഒട്ടുമേ വിരോധമില്ല. പക്ഷെ ഒരു കാര്യമുണ്ട്-ഓരോന്നും , ഓരോന്നിന്റെ വഴിക്ക് നടക്കണം. കേരളത്തിൽ നടക്കുന്ന വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ കയറി ഒന്ന് നിരങ്ങണമെന്ന് കേന്ദ്രത്തിലിരിക്കുന്നവർക്ക് താൽപര്യമുണ്ട്. അതനുവദിച്ചു കൊടുക്കുന്ന ഒന്നും ഉണ്ടാകാൻ പാടില്ല-ചികിത്സാരംഗത്ത് കേന്ദ്രസർക്കാർ കൊണ്ടു വരാനുദ്ദേശിക്കുന്ന ചില മാറ്റങ്ങളിലേക്ക് വിരൽ ചൂണ്ടി ഖാദറിന്റെ മുന്നറിയിപ്പ്. 


 

Latest News