കൊച്ചി- 'ഉണ്ട' സംവിധായകന്റെ തല്ലുമാല എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷം. നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായും നാട്ടുകാർ ഒരു സിനിമാ പ്രവർത്തകനെ മർദിച്ചതായും ആരോപണം ഉയർന്നു. നാട്ടുകാരനായ ഷമീർ എന്നയാളെയും ഒരു സിനിമാ പ്രവർത്തകനെയും ആശുപത്രിയിലാക്കി.
തർക്കത്തിനിടയ്ക്ക് ടൊവിനോയും ഇടപെട്ടു. എന്നാൽ ഇരു കൂട്ടരും പരസ്പരം സംസാരിച്ച് പ്രശ്‌നം രമ്യമായി പരിഹരിച്ചതിനെ തുടർന്ന് കേസില്ലാതെ തല്ല് ഒത്തുതീർന്നതായി ഇവർ അറിയിച്ചു.
'ഉണ്ട' സംവിധായകൻ ഖാലിദ് റഹ്മാൻ ടൊവിനോ തോമസിനെ നായകനായി സംവിധാനം ചെയ്യുന്ന തല്ലുമാല എന്ന സിനിമയുടെ കളമശ്ശേരി ലൊക്കേഷനിലാണ് സംഭവം നടന്നത്. എച്ച്.എം.ടി കോളനിയിലാണ് സെറ്റ് ഇട്ടിരിക്കുന്നത്. ഇവിടെ സിനിമക്കാർ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. തിങ്കളാഴ്ച രാത്രി നാട്ടുകാർ ഇതേ ചൊല്ലി തർക്കമുണ്ടായി. മാലിന്യം ഇടുന്നതിനേയും പൊതുനിരത്തിൽ വണ്ടി പാർക്ക് ചെയ്തതിനേയും നാട്ടുകാർ ചോദ്യം ചെയ്തു. ഇവരുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ഷൈൻ ടോം ചാക്കോയും വാക്കേറ്റം നടന്നു. തർക്കം ഉന്തിലും തള്ളിലും കലാശിച്ചതോടെ പോലീസ് സ്ഥലത്ത് എത്തി ഇരു കൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികൾ ശാന്തമാക്കി. ആരും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ആശുപത്രിയിൽ പ്രവേശിച്ചവർ പിന്നീട് സ്വയം ഡിസ്ചാർജായി.
മുഹ്‌സിൻ പരാരിയും അഷ്‌റഫ് ഹംസയും ചേർന്ന് കഥയൊരുക്കുന്ന തല്ലുമാല ആഷിക് ഉസ്മാൻ ആണ് നിർമിക്കുന്നത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക. ഷൈൻ ടോം ചാക്കോ, ലുക്മാൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിൻ പരാരി, എഡിറ്റിംഗ് നിഷാദ് യൂസുഫ്.