നെടുമ്പാശ്ശേരി- ഉക്രൈനിൽ നിന്ന് ഇനി ചാർട്ടേഡ് വിമാനങ്ങളില്ലെന്ന് വിവരം ലഭിച്ചതായി വിദ്യാർഥികൾ. വളരെ കഷ്ടപ്പെട്ടാണ് എത്തിയതെന്ന് ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കാഞ്ഞൂർ സ്വദേശിനി എയ്ഞ്ചൽ മാത്യു മാധ്യമങ്ങളോട് പറഞ്ഞു. ആരുടെയും സഹായങ്ങൾ ഇല്ലാതെ വളരെയധികം യാതനകളും ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് ഉക്രൈൻ അതിർത്തിയായ റൊമേനിയ വരെ എത്തിച്ചേർന്നത്.
യുദ്ധം കൊടുമ്പരിക്കൊണ്ട സമയത്ത് 40 മിനിറ്റോളം നടന്നാണ് ഉക്രൈനിലെ മെട്രോ സ്റ്റേഷനിൽ എത്തിച്ചേർന്നത്. ആദ്യം വന്ന ട്രെയിനുകൾ ഒന്നും തന്നെ വിദ്യാർഥികളെ കയറ്റുവാൻ തയാറായില്ല. അവസാനം കയറിയ ട്രെയിനിൽ 16 മണിക്കൂർ യാത്ര ചെയ്താണ് റൊമേനിയൻ അതിർത്തിയിൽ എത്തിച്ചേർന്നത്.
ഏഴ് മണിക്കൂറോളം നിന്നും ബാക്കി സമയങ്ങളിൽ ഇരുന്നുമാണ് യാത്ര ചെയ്തത്. ഭീതിയോടെ യാത്ര ചെയ്ത ഈ സമയങ്ങളിൽ സഹായിക്കുവാൻ ആരും ഉണ്ടായില്ലയെന്നത് ആശങ്ക വളർത്തുന്നതായി.ഉക്രൈയിനിൽ നിന്നു വരുന്നവർക്ക് റൊമേനിയയിൽ ഒരുക്കിയിരുന്ന അഭ്യാർഥി ക്യാമ്പിൽ ഒരു ദിവസം തങ്ങിയതിനു ശേഷമാണ് ദൽഹിക്ക് തിരിച്ചത്.
അവിടെ മുതൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം ഉണ്ടായിരുന്നുവെന്നും എയ്ഞ്ചൽ മാത്യു വ്യക്തമാക്കി. ഉക്രൈനിൽ നിന്നു ദൽഹിയിലെത്തിയ 107 മലയാളികളെയും കൊണ്ടുള്ള എയർ ഏഷ്യ വിമാനം ഇന്നലെ ഉച്ചയ്ക്ക് 2.30 ന് ദൽഹിയിൽ നിന്നു പുറപ്പെട്ട് വൈകിട്ട് 5.45 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഇന്ന് മുതൽ ഉക്രൈൻ ഭാഗത്തുനിന്നും ദൽഹിയിലേക്ക് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ കൊണ്ടുള്ള ചാർട്ടേഡ് വിമാനങ്ങൾ ഇല്ലെന്നാണ് അറിയുന്നത്.