Sorry, you need to enable JavaScript to visit this website.

ജിദ്ദ എയർപോർട്ടിൽ സൗദിവൽക്കരണം; 1500 വിദേശികൾക്ക് ജോലി നഷ്ടമാകും

ജിദ്ദ - കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിദേശ വിമാന കമ്പനികളിലും ഏജൻസികളിലും ഗ്രൗണ്ട് സർവീസ് കമ്പനികളിലും സൗദിവൽക്കരണം നടപ്പാക്കുന്നു. 
വിവിധ കമ്പനികൾക്കു കീഴിൽ ജിദ്ദ എയർപോർട്ടിൽ 1,500 ലേറെ വിദേശികൾ ജോലി ചെയ്യുന്നുണ്ട്. വിദേശികൾക്കു പകരം എത്രയും വേഗം സൗദികളെ നിയമിക്കണമെന്നും ഇതേ കുറിച്ചുള്ള റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കണമെന്നും ജിദ്ദ എയർപോർട്ട് ആക്ടിംഗ് ഡയറക്ടർ ജനറൽ എൻജിനീയർ അബ്ദുല്ല അൽറൈമി എയർപോർട്ടിൽ പ്രവർത്തിക്കുന്ന കമ്പനികളോട് ആവശ്യപ്പെട്ടു. 
ജിദ്ദ സൗദിവൽക്കരണ കമ്മിറ്റിയുമായും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും സഹകരിച്ച് വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ പരിശോധനകൾ നടത്തുമെന്നും സൗദിവൽക്കരണവുമായി ബന്ധപ്പെട്ട ഉത്തരവുകളും നിർദേശങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഇതുസംബന്ധിച്ച സർക്കുലറിൽ പറയുന്നു.
വിദേശികൾക്കു പകരം യോഗ്യരായ സൗദികളെ നിയമിക്കുന്നതിനും സൗദിവൽക്കരണം സാധ്യമായത്ര ഉയർത്തുന്നതിനുമാണ് ജിദ്ദ എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ ശ്രമിക്കുന്നതെന്ന് എയർപോർട്ട് വക്താവ് തുർക്കി അൽദീബ് പറഞ്ഞു. എയർപോർട്ടിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സൗദിവൽക്കരണ കമ്മിറ്റി മിന്നൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. 

 

Latest News