കൊച്ചി- സിനിമാ താര സംഘടനയായ അമ്മയുടെ വനിതാ ദിന പരിപാടിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പ്രശംസയുമായി മുൻ മന്ത്രി കെ.കെ ശൈലജ എം.എൽ.എ. ഇരയല്ല, അതിജീവിതയാണെന്നു ഈ കൂട്ടത്തിൽ ഒരാൾ തുറന്ന് പറഞ്ഞതിൽ സന്തോഷം ഉണ്ടെന്നും വനിതാദിന പരിപാടി ഉദ്ഘാടനം ചെയ്ത് ശൈലജ പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കുക എന്നത് പൂർണ്ണമായും സന്തോഷമുള്ള കാര്യമാണ്. അതിക്രമത്തിന് ഇരയായൊരാൾ അതിനെ മറികടക്കുക എന്നത് വലിയ കാര്യമാണെന്നും അവർ പറഞ്ഞു.
സിനിമ മേഖലയിൽ ഉള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംഘടന മുന്നിട്ടിറങ്ങണം. അഹിതമായൊരു നോട്ടമുണ്ടായാൽ പോലും സ്ത്രീകൾ തുറന്നു പറയണം. പ്രതികരിക്കണം. വർഷങ്ങൾക്ക് ശേഷമല്ല പറയേണ്ടത്. സിനിമ മേഖലയിൽ ഉള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂടുതൽ ശ്രമങ്ങൾ വേണം. പരാതി പറയാൻ സ്ത്രീകളും കേൾക്കാൻ സംഘടനയും തയ്യാറാകണമെന്നും അവർ പറഞ്ഞു.
സ്ത്രീകൾക്ക് സ്വാഭാവികമായും കുടുംബത്തിൽ വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട്. അത് നിറവേറ്റുന്നതിന് ഒപ്പം അവളുടെ ഇഷ്ടങ്ങളും തുടർന്നു കൊണ്ട് പോകാൻ കഴിയണം. മഞ്ജു വാര്യർ തിരിച്ചു വന്നതിൽ തനിക്കു വലിയ സന്തോഷം ഉണ്ട്. താൻ അത് മഞ്ജുവാര്യരോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.
സ്ത്രീ രണ്ടാം തരമാണെന്ന ചിന്ത ലോകത്ത് ഇപ്പോഴും നിലനിൽക്കുന്നു. സ്ത്രീകൾ തന്നെയാണ് അത് തിരുത്തേണ്ടത്. സ്ത്രീകൾക്കിടയിലെ അസമത്വം ഉത്തരേന്തയിൽ ഇപ്പോഴും ഇത് തുടരുന്നുണ്ട്. എന്നാൽ കേരളത്തിൽ വലിയ മാറ്റം ഉണ്ട്. ആദ്യകാലത്ത് വലിയ യാതനകൾ നേരിടേണ്ടി വന്ന സ്ത്രീ സമൂഹം ആയിരുന്നു കേരളത്തിലത്തിലേതും. എന്നാൽ പിന്നീട് ഇതിന് വലിയ മാറ്റങ്ങൾ വന്നു. ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം വലിയ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഫലമായി ഉണ്ടായതാണെന്നും അവർ പറഞ്ഞു.
സിനിമാ മേഖലയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ കടുത്ത വിവേചനം നിലനിൽക്കുയാണെന്ന മംമ്താ മോഹൻദാസ് അഭിപ്രായപ്പെട്ടു. നടൻമാരെ പോലെ നടിമാർക്കും മികച്ച ജീവിതം നയിക്കാൻ തുല്യ അവകാശമുണ്ടെന്ന് അവർ പറഞ്ഞു.