Sorry, you need to enable JavaScript to visit this website.

 ചെന്നൈയൻ-ബംഗളൂരു ഫൈനൽ ശനിയാഴ്ച

ചെന്നൈ - ജെജെ ലാൽപെഖ്‌ലുവയുടെ ഇരട്ട ഗോളിൽ 3-0 ന് എഫ്.സി ഗോവയെ തോൽപിച്ച ചെന്നൈയൻ എഫ്.സി നാലാം സീസൺ ഐ.എസ്.എല്ലിന്റെ ഫൈനലിൽ ശനിയാഴ്ച ബംഗളൂരു എഫ്.സിയുമായി കളിക്കും. ചെന്നൈയുടെ രണ്ടാം ഫൈനലാണ് ഇത്. ഗോവയിലെ ആദ്യ പാദ സെമി 1-1 സമനിലയായിരുന്നു. 
ഇരുപത്താറാം മിനിറ്റിൽ ജെജെയുടെ ഗോളിൽ ലീഡ് നേടിയ ചെന്നൈയൻ മൂന്നു മിനിറ്റിനകം ധൻപാൽ ഗണേശിലൂടെ വീണ്ടും സ്‌കോർ ചെയ്തു. ഇഞ്ചുറി ടൈമിലായിരുന്നു ജെജെയുടെ രണ്ടാം ഗോൾ. 
ഉടനീളം ഗോവയുടെ പ്രതിരോധം അമ്പേ പരാജയമായിരുന്നു. എന്നാൽ തുടക്കം മുതൽ അവർ ആക്രമിച്ചു. സ്വന്തം പകുതി കടക്കാൻ ചെന്നൈയൻ പ്രയാസപ്പെട്ടു. പതിനൊന്നാം മിനിറ്റിൽ അഹ്മദ് ജാഹുവും ഹ്യൂഗൊ ബൗമസും മന്ദർ ദേശായിയും ചേർന്നുള്ള നീക്കം ഗോളാവാതിരുന്നത് തലനാരിഴക്കാണ്. പതിമൂന്നാം മിനിറ്റിൽ ലാൻസറോടെയുടെ ഫ്രീകിക്ക് ചെന്നൈ ഗോളി തട്ടിത്തെറിപ്പിച്ചു. ഇരുപത്തൊന്നാം മിനിറ്റിലാണ് ചെന്നൈയന് ആദ്യ അവസരം കിട്ടിയത്. മാർക്ക് ചെയ്യപ്പെടാതെ നിന്ന ജെജെക്ക് അവസരം മുതലാക്കാനായില്ല. എന്നാൽ തുടർച്ചയായ രണ്ടു ഗോളിലൂടെ ആതിഥേയർ ഗോവയെ ഞെട്ടിച്ചു. 
ബോക്‌സിനു സമീപത്തു നിന്നുള്ള ത്രോ വരുമ്പോൾ ജെജെയെ മാർക്ക് ചെയ്യാതെ വിട്ടതാണ് ആദ്യ ഗോളിന് കാരണം. മൂന്നു മിനിറ്റിനു ശേഷം ജെജെയെ വീഴ്ത്തിയതിനു കിട്ടിയ ഫ്രീകിക്ക് നെൽസൻ ഗോൾമുഖത്തേക്കുയർത്തിയപ്പോൾ ഗണേശ് വലയിലേക്ക് പന്ത് ചെത്തിവിട്ടു.  നാൽപത്തിരണ്ടാം മിനിറ്റിൽ ഗോൾ മടക്കാനുള്ള മന്ദറിന്റെ ശ്രമം ചെന്നൈ ഗോളി തടുത്തു. ഇടവേളക്കു ശേഷം ഫെറാൻ കൊറോമിനാസും ചെന്നൈ ഗോൾമുഖത്ത് അപായഭീഷണി മുഴക്കി. പിന്നീട് തുടരെ ഫൗളുകൾ കളിയുടെ ഒഴുക്ക് തടഞ്ഞു. തൊണ്ണൂറാം മിനിറ്റിൽ ഗവിലാന്റെ ത്രൂബോളിൽ നിന്നായിരുന്നു ജെജെയുടെ രണ്ടാം ഗോൾ. വൻ ആരവത്തോടെയാണ് ഗാലറി വിജയം സ്വീകരിച്ചത്. ജെജെ ലാൽപെഖ്‌ലുവ ചെന്നൈയന്റെ ആദ്യ ഗോളടിച്ചപ്പോൾ.
 

Latest News