തിരുവനന്തപുരം- ഉക്രൈനില്‍നിന്ന് ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ദല്‍ഹിയിലും മുംബൈയിലുമെത്തിയ 3093 മലയാളികളെ നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ എത്തിച്ചു.
ഇന്ന് 119 മലയാളികളാണു കേരളത്തില്‍ എത്തിയത്. ഇതില്‍ 107 പേര്‍ ദല്‍ഹിയില്‍നിന്നും 12 പേര്‍ മുംബൈയില്‍നിന്നും എത്തിയവരാണ്.
ദല്‍ഹിയില്‍നിന്നു നോര്‍ക്ക റൂട്‌സിന്റെ നേതൃത്വത്തില്‍ കൊച്ചിയിലേക്ക് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ 107 യാത്രക്കാര്‍ വൈകിട്ട് ആറു മണിയോടെ കൊച്ചിയില്‍ എത്തി. മുംബൈയില്‍നിന്നുള്ള 12 പേര്‍ ഇന്നു പുലര്‍ച്ചെയും സ്വദേശങ്ങളില്‍ എത്തി.
ആരുടെയും സഹായമില്ലാതെ വളരെയധികം യാതനകളും ബുദ്ധിമുട്ടുകളും അനുഭവിച്ചാണ് ഉക്രൈനില്‍നിന്ന് റുമെനിയവരെ എത്തി ചേര്‍ന്നതെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിയ കാഞ്ഞൂര്‍ സ്വദേശിനി എയ്ഞ്ചല്‍ മാത്യു മാധ്യമങ്ങളോട് പറഞ്ഞു .
യുദ്ധം കൊടുമ്പരി കൊണ്ട സമയത്ത് 40 മിനിറ്റോളം നടന്നാണ് മെട്രോ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത് .ആദ്യം വന്ന ട്രെയിനുകള്‍ ഒന്നും തന്നെ വിദ്യാര്‍ത്ഥികളെ കയറ്റുവാന്‍ തയ്യാറായില്ല .അവസാനം കയറിയ ട്രെയിനില്‍ 16 മണിക്കൂര്‍ യാത്ര ചെയ്താണ് റുമേനിയന്‍ അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നത് .ഏഴ് മണിക്കൂറോളം നിന്നും ബാക്കി സമയങ്ങളില്‍ ഇരുന്നുമാണ് യാത്ര ചെയ്തത് .ഭീതിയോടെ യാത്ര ചെയ്ത ഈ സമയങ്ങളില്‍ സഹായിക്കുവാന്‍ ആരും ഉണ്ടായില്ല.റുമേനിയയില്‍ ഒരുക്കിയിരുന്ന അഭ്യാര്‍ത്ഥി ക്യാമ്പില്‍ ഒരു ദിവസം തങ്ങിയതിനു ശേഷമാണ് ദല്‍ഹിക്ക് തിരിച്ചത് .അവിടെ മുതല്‍ കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളുടെ സഹായം ഉണ്ടായിരുന്നുവെന്നും എയ്ഞ്ചല്‍ മാത്യു പറഞ്ഞു.