എടക്കര (മലപ്പുറം)-ഉപ്പട ആനക്കല്ലിൽ വഴിയാത്രക്കാരായ 20 പേർക്കു തേനീച്ചയുടെ കുത്തേറ്റു. ഗുരുതരമായി തേനീച്ചയുടെ കുത്തേറ്റ ഞെട്ടിക്കുളം സ്വദേശി മരിച്ചു. ഞെട്ടിക്കുളം കുട്ടംകുളം മേലേതിൽ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരക്കാണ് സംഭവം. ആനക്കല്ല് മലയോര ഹൈവേ നിർമാണം നടക്കുന്ന റോഡിനോട് ചേർന്ന സ്ഥലത്ത്
വച്ചാണ് തേനീച്ചക്കൂട് പരുന്ത് വാരിയത്. കുടിളകിയെത്തിയ തേനീച്ചക്കൂട്ടം അതു വഴി വന്ന നിരവധി യാത്രക്കാരെ കുത്തി. പലരും വാഹനങ്ങൾ റോഡിലിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവർ ഞെട്ടിക്കുളം, ഉപ്പട ആശുപത്രികളിൽ ചികിത്സ തേടി. ഗുരുതര പരിക്കേറ്റ രാധാകൃഷ്ണൻ ഇന്നലെ ഉച്ചയോടെ വടപുറം ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുള്ളയാളായിരുന്നു രാധാകൃഷ്ണൻ. ഭാര്യ: സുമതി. മക്കൾ: രതീഷ് (ഗൾഫ്), രാഗേഷ് (ബാംഗ്ലൂർ),രാജി (ഗൾഫ്). മരുമക്കൾ: വിന്ധ്യ, അശ്വതി.