റിയാദ് - ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം എളുപ്പമാക്കി.
വേലക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് ഇലക്‌ട്രോണിക് രീതിയില്‍ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റാന്‍ അവസരമൊരുക്കുന്ന സേവനം ഖിവാ പ്ലാറ്റ്‌ഫോമില്‍ പുതുതായി ഉള്‍പ്പെടുത്തി. നേരത്തെ ഇതിനായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ ശാഖകളെ നേരിട്ട് സമീപിക്കേണ്ടിയിരുന്നു.
ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള അപേക്ഷ ഖിവാ പ്ലാറ്റ്‌ഫോം വഴി നല്‍കാന്‍ തൊഴിലുടമക്ക് ഇനി മുതല്‍ സാധിക്കും. പുതിയ പ്രൊഫഷന്‍ തെരഞ്ഞെടുക്കുകയും വേണം. ഇതോടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള സമ്മതം അറിയിക്കാന്‍ ആവശ്യപ്പെട്ട് തൊഴിലാളിയുടെ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് ലഭിക്കും. ഇതിനു ശേഷം തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റാന്‍ സമ്മതം തേടി പഴയ തൊഴിലുടമക്കും എസ്.എം.എസ് ലഭിക്കും.
ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വകാര്യ സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റാന്‍ ഇഖാമയിലെ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതലാകരുതെന്ന് വ്യവസ്ഥയുണ്ട്. ഒരു വര്‍ഷത്തിലേറെ കാലത്തേക്ക് ഇഖാമ പുതുക്കിയിട്ടുണ്ടെങ്കില്‍ ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ അപേക്ഷ സ്വീകരിക്കില്ല. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ബാധകമല്ലാത്തതാണ് ഇതിന് കാരണം. സ്വകാര്യ സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഗാര്‍ഹിക തൊഴിലാളികള്‍ എന്നോണമാക്കി മാറ്റാന്‍ സാധിക്കില്ലെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.