കൊച്ചി- അന്താരാഷ്ട്ര വനിതാ ദിനത്തില്‍ എറണാകുളം എം.പി ഹൈബി ഈഡന്‍ നടത്തിയ വേറിട്ട പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിക്കുകയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ രാഹുല്‍ മാങ്കൂട്ടത്തില്‍
പോസ്റ്റ് വായിക്കാം
ദിനങ്ങളോരോന്നും വ്യത്യസ്തവും വൈവിധ്യമാര്‍ന്നതാണ് , ഓരോ ദിനവും കാലത്തിന്റെ വഴികളാണ്. കാലത്തോടൊപ്പം ഗതിവേഗത്തോടൊപ്പം നടക്കുന്നതാണ് മാറ്റം.
മാര്‍ച്ച് 8 ലെ ഈ വനിത ദിനത്തില്‍ വ്യത്യസ്തവും രേഖപ്പെടുത്തേണ്ടതുമായ പ്രധാനപ്പെട്ട ഒരു പദ്ധതിയെന്നത് എറണാകുളം എം പി ഹൈബി ഈഡന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു ലക്ഷം മെന്‍സ്ട്രുവല്‍ കപ്പ് വിതരണമാണ്.
ഒരു ലക്ഷമെന്ന അക്കമോ അത് കൊടുത്തുവെന്നതോയല്ല ആകര്‍ഷകമായി തോന്നിയത് , ഒരു ജനപ്രതിനിധി മുന്നില്‍ നിന്ന് നടത്തിയ നിശബ്ദ വിപ്ലവമാണ്. ആര്‍ത്തവവും അതിനിടയില്‍ പെണ്‍കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന പ്രയാസങ്ങളും ഒരു കോമഡി സീനായി സിനിമാ കൊട്ടകയിലിരുന്ന് ആസ്വദിച്ച ചോക്ലേറ്റ് സിനിമയുടെ റീലുകള്‍ 2022 ലേക്കെത്തുമ്പോള്‍ നടന്ന മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
ഏതാനും വര്‍ഷം മുമ്പ് ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഇതോടൊപ്പം ചേര്‍ത്ത് പറയുമ്പോഴാണ് വിപ്ലവത്തിന്റെ ആഴമളക്കാനാവൂ. ആര്‍ത്തവത്തിനിടെ ഉപയോഗിക്കുന്ന കോട്ടണ്‍ തുണികള്‍ ലജ്ജയാലും ഭയത്താലും നേരിട്ടുള്ള സൂര്യപ്രകാശത്തിന്റെ അസാന്നിധ്യത്തില്‍ ഉണക്കി വീണ്ടും ഉപയോഗിക്കുന്നതിനാല്‍ അഞ്ച് ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് അണുബാധയേറ്റ് രോഗ ബാധിതരാവുന്നു എന്ന് പറയുമ്പോള്‍ ഈ മാറ്റം ചെറുതല്ലെന്നും അതിന് രാഷ്ട്രീയ മണ്ഡലത്തില്‍ നില്‍ക്കുന്ന ജനപ്രതിനിധി മുന്നിട്ടിറങ്ങുന്നുവെന്നതും വനിതാ ദിനത്തില്‍ ആകര്‍ഷിക്കപ്പെട്ടതും പരാമര്‍ശിക്കേണ്ടതുമായ പദ്ധതിയാണ്.
പണ്ട് ആര്‍ത്തവ സമയത്ത് ക്ലാസ്സ് മുറിയില്‍ നിന്ന് ലജ്ജയോടും, തെറ്റ് ചെയ്യാതെ തന്നെയുള്ള കുറ്റബോധത്തോടെയും തലതാഴ്ത്തി ഇറങ്ങിയോടിയിരുന്ന സഹപാഠികളില്‍ നിന്ന്, ആര്‍ത്തവത്തെ പറ്റി തുറന്ന് സംവദിക്കുന്ന പെണ്‍കുട്ടികളും , അത് കേള്‍ക്കുമ്പോള്‍ പരിഹസിക്കാതെ അഡ്രസ് ചെയ്യുന്ന ആണ്‍കുട്ടികളും, ഒരു കാലത്തും ഒരു ജനപ്രതിനിധിയുടെ 'വികസന കാഴ്ച്ചപാടില്‍ ' കലുങ്കിന്റെ സാന്നിദ്ധ്യം പോലുമില്ലാതിരുന്ന ഇത്തരം വിഷയങ്ങളെ ഏറ്റെടുക്കുന്ന ഹൈബി ഈഡനെ പോലെയുള്ള ജനപ്രതിനിധികളും പുതിയ കാലത്തിന്റെ വിപ്ലവം തന്നെയാണ്....