Sorry, you need to enable JavaScript to visit this website.

മാരക മയക്കു മരുന്നുമായി പിടിയിലായ അഫ്‌സൽ സജീവ സി.പി.എം പ്രവർത്തകൻ; പാർട്ടിയിൽ വിവാദം മുറുകുന്നു

എസ്.ഡി.പി.ഐ വിട്ടു  സി.പി.എമ്മിലേക്ക് എത്തിയ അഫ്‌സലിനെ  പി.ജയരാജൻ മാലയിട്ട് സ്വീകരിക്കുന്നു

തലശ്ശേരി-ഒന്നര കോടിയോളം രൂപയുടെ മയക്ക് മരുന്നുമായ് പിടികൂടിയ അഫ്‌സൽ സജീവ സി.പി.എം പ്രവർത്തകൻ. കോയ്യോട കേളപ്പൻമുക്ക് സ്വദേശിയായ അഫ്‌സൽ ഭാര്യ വീടായ മുഴപ്പിലങ്ങാട് പുഞ്ചിരിമുക്കിലെ സജീവ സി.പി.എം പ്രവർത്തകനാണ്. ഭാര്യ ബൾക്കീസിനെയും പോലീസ് മയക്കു മരുന്നു കേസിൽ തിങ്കളാഴ്ച കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് വിപണിയിൽ 1.5 കോടി രൂപ വിലമതിക്കുന്ന രണ്ടു കിലോ എം.ഡി.എം.എയാണ് പിടികൂടിയിരുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയായിരുന്നു ഇത്. 
നേരത്തെ സജീവ എസ്.ഡി.പി.ഐ  പ്രവർത്തകനായിരുന്ന അഫ്‌സൽ ഒരു വർഷം മുമ്പാണ് സി.പി.എമ്മിലേക്ക് കടന്ന് വന്നത്. അഫ്‌സലിന്റെ നേതൃത്വത്തിൽ മുഴപ്പിലങ്ങാട് പ്രദേശത്തെ അഞ്ച് പ്രവർത്തകരും സി.പി.എമ്മിൽ എത്തുകയായിരുന്നു. ഇവരെ സി.പി.എമ്മിൽ സ്വീകരിക്കാൻ മുഴപ്പിലങ്ങാട്  സി.പി.എം നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പി.ജയരാജനാണ് അഫ്‌സലിനെ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചിരുന്നത.് ഈ ചിത്രങ്ങൾ അഫ്‌സലിനെ മയക്കു മരുന്ന് കേസിൽ പിടികൂടിയതോടെ രാഷട്രീയ എതിരാളികൾ സാമൂഹ്യ മാധ്യമങ്ങളൂടെ പ്രചരിപ്പിച്ച് വൈറലായിരിക്കുകയാണ്. 

എസ്.ഡി.പി.ഐക്ക് ശക്തമായ അടിത്തറയുള്ള പുഞ്ചിരിമുക്കിൽ സി.പി.എമ്മിന്റെ പ്രകടനം പോലും കടന്ന് പോകാൻ ഭയമുള്ള സ്ഥലമായിരുന്നു. ഇവിടെ നിന്നാണ് അഫ്‌സലും പ്രവർത്തകരും എസ്.ഡി.പി.ഐയിൽ നിന്ന് രാജിവെച്ച് സി.പി.എമ്മിലേക്ക് ചേക്കേറിയത്. ഇത് സി.പി.എമ്മിന് ഏറെ രാഷട്രീയ വിജയം ഉണ്ടാക്കി കൊടുത്തിരുന്നു. പ്രദേശത്തെ പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്ന അഫ്‌സലാണ് മുഴപ്പിലങ്ങാട് ഭാഗത്തെ സി.പി.എമ്മിന്റെ പല പരിപാടികളുടെയും സ്‌പോൺസറെന്നും പറയപ്പെടുന്നു. കഴിഞ്ഞ മാസം പുഞ്ചിരിമുക്കിൽ നടന്ന ഡി.വൈ.എഫ്.ഐ മേഖലാ സമ്മേളനത്തിന്റെയും ചുക്കാൻ പിടിച്ചിരുന്നത് അഫ്‌സൽ തന്നെയായിരുന്നു. 

അഫ്‌സലിന്റെ പാർട്ടിയിലേക്കുള്ള കടന്ന് വരവ് പ്രദേശത്തെ സി.പി.എം അണികൾക്ക് ദഹിച്ചിരുന്നില്ല. എന്നാൽ ജില്ലാ നേതാക്കൾ നേരിട്ട് ഇവരെ സ്വാഗതം ചെയ്യുകയായിരുന്നു. അതിനാൽ തന്നെ ഇപ്പോൾ മയക്കു മരുന്ന് കേസിൽ അഫ്‌സലിനെയും ഭാര്യയെയും പിടികൂടിയപ്പോൾ സി.പി.എമ്മിലെ പ്രാദേശിക പ്രവർത്തകർ രോക്ഷം കൊണ്ടിരിക്കുകയാണ്. ഇവർ നേതൃത്വത്തെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുകയാണ്. മയക്കു മരുന്ന് ഉൾപ്പെടെയുള്ള അസാൻമാർഗിക പ്രവർത്തനത്തിന് മറയിടാനാണ് അഫ്‌സൽ സി.പി.എമ്മിലേക്ക് കടന്ന് വന്നതെന്നാണ് ഇവർ ഉന്നയിക്കുന്ന പരാതി. 

Latest News