പൂക്കളുടെ പരവതാനി..... കുലുക്കി സർബത്ത് സ്റ്റാൾ കാണണോ, യാമ്പുവിലേക്ക് വരൂ. 12ാമത് പുഷ്പ മേള കണ്ട് ആസ്വദിക്കൂ. യാമ്പു വ്യവസായ നഗരം ലോക നെറുകയിൽ എത്തി നിൽക്കുന്നത് ഓരോ വർഷവും നടന്നു വരുന്ന പുഷ്‌പോത്സവം കളർഫുൾ ആയി ആവർത്തിക്കുന്നത് കൊണ്ടാണ്. നിവർന്ന് നിൽക്കുന്ന പൂക്കളുടെ പരവതാനി ഗിന്നസ് റെക്കാർഡ് സ്വന്തമാക്കി മുന്നേറുന്നു. 2014 ഫെബ്രുവരി 24 നും 2017 മാർച്ച് 14 നും രണ്ട് പ്രാവശ്യമായി ഗിന്നസ് റെക്കാർഡ് സ്വന്തമാക്കി. ലോകത്തെ ഏറ്റവും മനോഹരമായ പൂക്കളും അനുബന്ധ പ്രദർശന മാജിക്കും ഈ വർഷവും യാമ്പുവിൽ സന്ദർശകരെ സ്വീകരിച്ചു വരുന്നു.
ഒരാഴ്ചക്കുള്ളിൽ പതിനായിരത്തോളം സന്ദർശകർ യാമ്പു പുഷ്‌പോത്സവത്തിൽ എത്തിയെന്ന് ഇൻഫർമേഷൻ സെന്റർ ഭാരവാഹികൾ പറഞ്ഞു. മാർച്ച് 3 മുതൽ 25 വരെയാണ് ഈ വർഷത്തെ പുഷ്പമേള.
സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്ത് ജിദ്ദയിൽ നിന്ന് ഏകദേശം 370 കിലോമീറ്റർ അകലെയാണ് യാമ്പു വ്യാവസായിക നഗരം സ്ഥിതി ചെയ്യുന്നത്. സൗദിയിലെ മറ്റു പ്രവിശ്യകളേക്കാൾ യാമ്പുവിലെ കാലാവസ്ഥ വളരെ അനുകൂലമാണ്. മരങ്ങളും പച്ച പരവതാനികളും കൊണ്ട് ഉദ്യാനം തീർത്ത യാമ്പു റോയൽ കമ്മീഷനിൽ ദേനാ മാളിന് സമീപം എല്ലാ വർഷവും നടത്തുന്ന വർണ്ണപ്പകിട്ടോടെയുള്ള ലോകാത്ഭുതം ഒരുക്കിയിരിക്കുന്നത് യാമ്പു അറാംകോയുമായുള്ള സഹകരണത്തോടെ റോയൽ കമ്മീഷനും ലാൻഡ്‌സ്‌കേപ്പിംഗ് ആൻഡ് ജലസേചന വകുപ്പുമാണ്.
ഉത്സവത്തിന്റെ ഭാഗമായി ഉൽപ്പാദിപ്പിച്ച വിവിധ സസ്യങ്ങളെയും പൂക്കളെയും മാത്രമല്ല ഇതിന്റെ പരിസ്ഥിതിയെ കുറിച്ച് ബോധവത്കരിക്കാനും പൂക്കൾ വിജയകരമായി എങ്ങനെ വളർത്താമെന്നതും പരിശീലനം നേടിയ ഹോം ഗാർഡുകൾ വിശദീകരിക്കുന്നു.
എല്ലാ വർഷവും യാമ്പു പുഷ് ഉത്സവം നടക്കുന്നുണ്ട്. ഈ വർഷം ലോകത്തിലെ പൂക്കളുടെ ഏറ്റവും വലിയ പരവതാനി വിരിച്ചിട്ടതാണ് കൗതുകം പകർന്നത്. പൂക്കളുടെ പരവതാനിയിൽ മില്ല്യൻ കണക്കിന് വ്യത്യസ്ത തരം പുഷ്പങ്ങൾ നിറഞ്ഞു നിന്നു.
ഈ വർഷത്തെ പുഷ്‌പോത്സവം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വലുതും ഒപ്പം പ്രത്യേകതകൾ ഏറിയതുമാണ്. ഏറ്റവും മനോഹരമായത് ഈ വർഷം തുടങ്ങിയ പക്ഷി പാർക്കാണ്.
പ്രവേശനം ടിക്കറ്റ് മൂലമാണെങ്കിലും വലിയ തിരക്കാണ് ഈ പാർക്കിൽ അനുഭവപ്പെടുന്നത്.
ടർക്കിഷ് എയർലൈൻ പവിലിയൻ, ഹെൽത്ത് സർവീസ് കെയർ, വിശാല നഴ്‌സറി, ചിൽഡ്രൻസ് പാർക്ക്, ഫുഡ് കോർണർ, കുട്ടികളുടെ മത്സരവേദി തുടങ്ങിയ പുഷ്പ മേളക്ക് വർണ്ണപ്പൊലിമ നൽകുന്നു.
![](http://malayalamnewsdaily.com/sites/default/files/filefield_paths/p11_flower_show_kuluki.jpg)
ഫുഡ് കോർണറിലെ പ്രധാന ആകർഷണം മലയാളികൾ നടത്തുന്ന കുലുക്കി സർബത്ത് സ്റ്റാളാണ്. ആവശ്യക്കാരുടെ രുചിക്കനുസരിച്ച് തയ്യാറാക്കി കൊടുക്കുന്ന കുലുക്കി സർബത്തിന്റെ സൗദിയിലെ ലോഞ്ചിങ് കൂടിയാണ് ഇപ്രാവശ്യത്തെ പുഷ്‌പോത്സവം. നിരവധി മലയാളികൾ ഇതിനകം കുലുക്കി സർബത്തിന്റെ രുചി അറിഞ്ഞു. പതിനായിരക്കണക്കിന് മീറ്റർ ചുറ്റളവുള്ള പുഷ്പ പരവതാനി കണ്ട് ക്ഷീണിച്ചു വരുന്ന മലയാളി കുടുംബങ്ങൾ കുലുക്കി സർബത്ത് കുടിക്കാൻ ഫുഡ് കോർണറിലെ സ്റ്റാൾ അന്വേഷിച്ചു വരുന്നതായി മലയാളികളായ ജോലിക്കാർ ആവേശത്തോടെ പറഞ്ഞു.
ഭൂമി സൂര്യനുമായി അടുത്ത് കിടക്കുന്നത് കൊണ്ടാണ് ഗൾഫിൽ ഇത്രയധികം ചൂടെന്ന് മുത്തശ്ശിക്കഥകളിൽ കേട്ടിട്ടുണ്ട്. അത്യുഷ്ണമാണ് മരുഭൂമിയിലെ വേനൽ. കൊടുംചൂടിൽ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് പുഷ്‌പോത്സവങ്ങൾ.
താജ് മഹലിന്റെ നിർമ്മാണത്ഭുതം പോലെ മരുഭൂമിയിലെ ഈ അത്ഭുതം ഒരു ജനതയുടെ അദ്ധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും കണക്കു കൂട്ടലുകളുടെയും നേട്ടമാണ്.
ഇനി നമുക്ക് മടങ്ങാം, ചിട്ടയോടും പ്ലാനിങ്ങിനോടും കൂടി ഈ വിശാല കാർപെറ്റ് ഒരുക്കിയ അധികൃതർക്ക് നന്ദി പറഞ്ഞ്.