മഹാരാഷ്ട്രയിലെ കർഷകർ നടത്തുന്ന ലോംഗ് മാർച്ച് ഇന്ത്യൻ കാർഷിക ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായമാണ്. ഒരു രാജ്യത്തിന്റെ നട്ടെല്ലായ കാർഷിക മേഖല എത്രമാത്രം അവഗണിക്കപ്പെടുന്നുവെന്നതിന്റെ തെളിവാണ് പതിനായിരക്കണക്കിന് വരുന്ന കർഷകർ ഇന്ത്യയുടെ പ്രധാന വാണിജ്യകേന്ദ്രമായ മുംബൈ നഗരത്തിലേക്ക് നടത്തുന്ന പ്രതിഷേധ പ്രകടനം. സ്വാതന്ത്ര്യത്തിന് ശേഷം ദൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും ഭരിച്ച സർക്കാരുകൾ കാർഷിക മേഖലയെയും കർഷകരെയും എത്രമേൽ ദുരിതത്തിലാക്കിയിരിക്കുന്നുവെന്നതിന്റെ നേർ ചിത്രമാണിത്. വർഷം തോറും ആയിരക്കണക്കിന് കർഷകർ ആത്മഹത്യചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെ ആണിക്കല്ലായ കർഷകർക്ക് അവരുടെ അധ്വാനത്തിന്റെ ഫലം ഉറപ്പു വരുത്താതെയും വിളകൾക്ക് സംരക്ഷണം നൽകാതെയും ആനുകൂല്യങ്ങൾ നൽകാതെയും അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നതിൽ എല്ലാ സർക്കാരുകളും ഒരു പോലെ കാരണക്കാരായി മാറുന്നു.
മഹാരാഷ്ട്രയിലെ സമരം ഏറെ കാലത്തെ പ്രതിഷേധത്തിന്റെ തുടർച്ചയാണ്. രാപ്പകലില്ലാതെ വയലിൽ പണിയെടുക്കുന്നവർക്ക് സ്വന്തമായി വീടുണ്ടാക്കി താമസിക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥ. വൻകിട ജന്മിമാർ അടക്കി വച്ച ഭൂമിയിൽ ജീവിതാവസാനം വരെ വിയർപ്പൊഴുക്കി കഴിഞ്ഞു കൂടുന്നവരാണവർ. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം കൃഷി നശിക്കുമ്പോഴും ഇടനിലക്കാരുടെ ലാഭക്കൊതി മൂലം വിളകൾക്ക് വിലകിട്ടാതെ വരുമ്പോഴും ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാനാവാതെ വലയുമ്പോൾ സഹായിക്കാൻ സർക്കാർ തയ്യാറാകാതെ വരുമ്പോഴും അവർ അഭയം തേടുന്നത് ആത്മഹത്യയിലാണ്.
ഇന്ത്യയിലെ കർഷകരുടെ ആത്മഹത്യകളുടെ കണക്കുകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നവരിൽ 12 ശതമാനം കർഷകരാണ്. 2012 ൽ നടന്ന കണക്കെടുപ്പിൽ രാജ്യത്ത് മൊത്തം നടന്ന 13.5 ലക്ഷം ആത്മഹത്യകളിൽ 13755 ആത്മഹത്യകൾ കർഷകരുതേടായിരുന്നു. ആത്മഹത്യയിൽ മുൻനിരയിൽ നിൽക്കുന്നത് മഹാരാഷ്ട്ര,ആന്ധ്രപ്രദേശ്, കർണാടക, മധ്യപ്രദേശ്,കേരളം എന്നീ സംസ്ഥാനങ്ങളാണ്.
ഇന്ത്യയിലെ കർഷക ആത്മഹത്യകളിൽ കേരളം അഞ്ചാം സ്ഥാനത്ത് നിൽക്കുന്നുവെന്നത് കേരളത്തിലെ ഭരണകൂടങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ആരോഗ്യ,വിദ്യാഭ്യാസ,വിവരസാങ്കേതിക മേഖലകളിൽ രാജ്യത്തിന് തന്നെ മാതൃകയായ കേരളം വളരെ ചെറിയ ശതമാനം വരുന്ന കർഷകരെ സംരക്ഷിക്കുന്നതിൽ ഏറെ പുറകിലാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. കേരളത്തിൽ പ്രതിവർഷം ശരാശരി 800 കർഷകർ ആത്മഹത്യ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ.
കേരളത്തിലെ പരമ്പരാഗതമായ നെല്ല്,തെങ്ങ്,കവുങ്ങ് കൃഷികളിലാണ് കർഷകർ ഇന്നും നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്നത്. നാണ്യവിളകൾക്കും വിലയിടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും ഈ മേഖലയിലെ പ്രതിസന്ധി താരതമ്യേന കുറവാണ്. നെൽകർഷകർക്കായി സംസ്ഥാന സർക്കാരുകൾ ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും കൃത്യസമയത്ത് കർഷകരിലേക്കെത്തുന്നില്ല എന്നത് വലിയ പ്രതിസന്ധിയാണ്.
കേരളത്തിൽ മാസങ്ങൾക്ക് മുമ്പ് കൊയ്‌തെടുത്ത നെല്ലിന് ഇനിയും കർഷകർക്ക് പണം ലഭിച്ചിട്ടില്ല. നെല്ലിന് സർക്കാർ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആ തുക യഥാസമയങ്ങളിൽ കർഷകരുടെ കൈകളിലെത്താറില്ല.സിവിൽ സപ്ലൈസ് വകുപ്പാണ് നെല്ല് വിലക്കെടുക്കേണ്ടതെങ്കിലും പലപ്പോഴും കൊയ്ത്ത് കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷവും നെല്ല് ശേഖരണം നടക്കാറില്ല. ഇതോടെ കർഷകർ കുറഞ്ഞ വിലക്ക് നെല്ല് സ്വകാര്യവ്യക്തികൾക്ക് വിൽക്കാറാണ് പതിവ്. നെല്ല് കിലോക്ക് സർക്കാർ നിശ്ചയിച്ചത് 23.50 രൂപയാണെങ്കിൽ സ്വകാര്യ കച്ചവടക്കാർ നൽകുന്നത് 16 രൂപ മാത്രമാണ്.
ഇതുമൂലം കർഷകർക്കുണ്ടാകുന്നത് വലിയ വരുമാനനഷ്ടമാണ്. സിവിൽ സപ്ലൈസ് വകുപ്പിന് നെല്ലു നൽകിയ കർഷകർക്കാകട്ടെ മാസങ്ങൾക്ക് ശേഷവും പണം ലഭിച്ചിട്ടില്ല. ഇതോടെ ബാങ്ക് വായ്പയെടുത്ത് കൃഷിയിറക്കിയവർക്ക് വായ്പാതിരിച്ചടവ് വൈകുന്നത് മൂലം പലിശയിനത്തിൽ വലിയ തുക നൽകേണ്ടിയും വരുന്നു.
തെങ്ങ്,അടക്ക കർഷകരും സർക്കാർ നയങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരാണ്. കേരളത്തിൽ നാളികേരവിളവ് കുറയുന്ന വേനൽകാലത്ത് നാളികേരത്തിന്റെ വിപണിയിലെ വില ഏറെ ഉയർന്നതാണ്. എന്നാൽ കർഷകർക്ക് ഈ ഉയർന്ന തുക ലഭിക്കാറില്ല. നാളികേര സംഭരണത്തിലും സർക്കാർ സംവിധാനങ്ങൾ ഫലവത്താകുന്നില്ല. കർഷകരെ സഹായിക്കുന്നതിനായി സർക്കാർ നിർദേശ പ്രകാരം പ്രാദേശികമായി സഹകരണ ബാങ്കുകൾ രംഗത്തുവരാറുണ്ടെങ്കിലും ഇത്തരം ബാങ്കുകൾക്ക് സർക്കാർ പണം അനുവദിക്കാത്തതുമൂലം അവരും പദ്ധതികളിൽനിന്ന് പിന്നോട്ടു പോകുകയാണ്. റബർ വിലയിടിവ് മൂലം റബർതോട്ടങ്ങളിൽ പലതും ടാപ്പിംഗ് നിർത്തിവച്ചിരിക്കുകയാണ്. വില പിടിച്ചു നിർത്താൻ ഇറക്കുമതി നിയന്ത്രിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ ഇതിന് തയ്യാറാകുന്നില്ല. കുരുമുളക് വില കിലോക്ക് 600 രൂപയിൽനിന്ന് 350 ലേക്കാണ് കൂപ്പുകുത്തിയത്. ഈ മേഖലയിൽ കർഷകർ കടുത്ത ദുരിതത്തിലാണ്.
കാർഷിക മേഖലയെ സംരക്ഷിക്കാൻ ഒട്ടേറെ പദ്ധതികൾ സർക്കാരുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവയൊന്നും കർഷകരിലേക്കെത്തുന്നില്ല. ബോധവൽക്കരണ പരിപാടികൾക്കും പുത്തൻ പരീക്ഷണങ്ങൾക്കുമായി ചെലവിടുന്ന കോടികൾ കാർഷിക രംഗത്ത് പുരോഗതിയുണ്ടാക്കാൻ സഹായകമാകുന്നുമില്ല.
കേരളത്തിലെ കർഷകരുടെ പ്രശ്‌നങ്ങൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. കാർഷിക വിളകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനോ വിലസ്ഥിരത ഉറപ്പുവരുത്തുന്നതിനോ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇടനിലക്കാർക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള മേഖലയായി കാർഷികരംഗം തുടരുകയാണ്. ഈ വെല്ലുവിളിയെ അതിജീവിക്കാനാവാതെ നഷ്ടങ്ങളുടെയും ദുരിതങ്ങളുടെയും ഭാരം പേറി കണ്ണീരൊഴുക്കി ജീവിക്കുന്നവരായി കേരളത്തിലെ സാധാരണക്കാരായ പരമ്പരാഗത കർഷകർ മാറിയിരിക്കുന്നു. കേരളത്തിലെ കർഷകരുടെ സ്ഥിതിയും മഹാരാഷ്ട്രയിൽനിന്ന് ഏറെ വിഭിന്നമല്ല.