പെരിന്തൽമണ്ണ- പെരിന്തൽമണ്ണയിലും മങ്കടയിലുമായി നിരോധിത ലഹരി ഉൽപന്നവുമായി നാലു പേർ പിടിയിൽ. മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവര പ്രകാരം വീട്ടിലൊളിപ്പിച്ച നിലയിൽ 25 ചാക്കുകളിലായി 15,000 പാക്കറ്റ് ഹാൻസുമായി മൊത്തവിതരണക്കാരനായ അരിപ്ര സ്‌കൂൾപടി സ്വദേശി പുതിയങ്ങാടി താജുദ്ദീൻ (36), തുടർന്നു ലഭിച്ച വിവര പ്രകാരം കാറിൽ ഒളിപ്പിച്ചു കടത്തിയ 5000 പാക്കറ്റ് ഹാൻസുമായി ചെർപ്പുളശ്ശേരി വല്ലപ്പുഴ ചാത്തംകുളം ഫഹദ് (31), മാരായമംഗലം സ്വദേശി കൂരിക്കാട്ടിൽ അഫ്‌സൽ (28), പെരിന്തൽമണ്ണ സ്വദേശി നെച്ചിയിൽ അബ്ദുൽ റഫീഖ് (52) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ, മങ്കട പോലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹാൻസിന്റെ വൻ ശേഖരം പിടിച്ചെടുത്തത്. താജുദ്ദീന്റെ വീട്ടിൽ ചാക്കുകളിലാക്കി ഒളിപ്പിച്ചു വിൽപനയ്ക്കായി തയാറാക്കിയ പതിനയ്യായിരത്തോളം ഹാൻസ് പാക്കറ്റുകളാണ് പിടിച്ചെടുത്തത്. കാറിൽ ഒളിപ്പിച്ചു കടത്തിയ അഞ്ചു ചാക്ക് ഹാൻസുമായാണ് വല്ലപ്പുഴ സ്വദേശികൾ പെരിന്തൽമണ്ണയിൽ വാഹന പരിശോധനക്കിടെ പിടിയിലായത്. തുടർന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെരിന്തൽമണ്ണ ടൗണിലെ നെച്ചിയിൽ സ്റ്റോഴ്‌സ് എന്ന കടയിൽ നിന്നു 500 ലധികം ഹാൻസ് പാക്കറ്റുകളും പിടിച്ചെടുത്തത്്.