മലപ്പുറം-മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാണക്കാടെത്തി. രാത്രിയോടെയാണ് അദ്ദേഹം എത്തിയത്.പാണക്കാട് കുടുംബാംഗങ്ങളെ കണ്ട് അദ്ദേഹം അനുശോചനമറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. മുസ്്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങളുമായി അദ്ദേഹം സംസാരിച്ചു.നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി,കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ തുടങ്ങിയ നേതാക്കൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ സോണിയാ ഗാന്ധി അനുശോചിച്ചു.രാഷ്ട്രീയത്തിനതീമായി എല്ലാ വിഭാഗം ജനങ്ങളും ആദരിച്ച നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് സോണിയാ ഗാന്ധി, സാദിഖലി ശിഹാബ് തങ്ങൾക്ക് അയച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു.സ്വന്തം സമുദായത്തിന്റെ ആവശ്യങ്ങളെയും അവകാശങ്ങളെയും അദ്ദേഹം തിരിച്ചറിയുകയും അവ നേടിയെടുക്കുന്നതിന് പ്രയത്്‌നിക്കുകയും ചെയ്ത നേതാവായിരുന്നു ഹൈദരലി തങ്ങൾ.അദ്ദേഹത്തിന്റെ വിയോഗം മൂലമുണ്ടായ നഷ്ടം വലുതാണ്.അത് പരിഹരിക്കുന്നതിന് മുൻഗാമികൾ കാണിച്ച വഴികളിലൂടെ മുന്നേറാൻ സാദിഖലി തങ്ങൾക്ക് കഴിയട്ടെയെന്നും സോണിയാ ഗാന്ധി ആശംസിച്ചു.