ദുബായ്- വാട്‌സാപ്പിലൂടെ സുന്ദരിയുടെ ചിത്രം കാണിച്ച് മസാജിനെന്ന പേരില്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം അറബ് യുവാവിനെ ആഫ്രിക്കന്‍ സംഘം കൊള്ളയടിച്ചു. ഒരു സുന്ദരിയുടെ ചിത്രം കാണിച്ച് മസാജ് സേവനം നല്‍കുന്നയാളാണെന്ന പരിജയപ്പെടുത്തിയാണ് 21കാരനായ യുവാവിനെ വലയില്‍ വീഴ്ത്തിയത്. പറഞ്ഞുറപ്പിച്ച ശേഷം മസാജിനായി ഹോട്ടല്‍ മുറിയിലെത്തിയ യുവാവിനെ ഒളിഞ്ഞിരിക്കുകയായിരുന്ന സംഘം ആക്രമിക്കുകയായിരുന്നു. രണ്ട് ആഫ്രിക്കന്‍ വനിതകളാണ് തന്നെ ആദ്യം പിടികൂടി കട്ടിലില്‍ കിടത്തിയതെന്നും പിന്നീട് ആഫ്രിക്കന്‍ വംശജനായ മറ്റൊരാള്‍ വന്ന് കത്തി ചൂണ്ടി കയ്യിലുണ്ടായിരുന്ന 1200 ദിര്‍ഹം തട്ടിയെടുത്തുവെന്നും യുവാവ് പറയുന്നു. യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ മുറിയിലെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു യുവതികളെ അറസ്റ്റ് ചെയ്തു. എന്നാല്‍ തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കൂട്ടത്തിലെ ഒരു യുവതിയുമായി യുവാവിന് പരിചയുണ്ടെന്നും ഇയാള്‍ കോഫി കുടിക്കാനായി ക്ഷണിച്ചു വരുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നെന്നും ഒരു യുവതി പറഞ്ഞു. പോലീസ്് നടത്തിയ തെരച്ചിലില്‍ സംഘത്തിന്റെ പക്കല്‍നിന്ന് നിരവധി ഇരകളുടെ ഫോണുകള്‍ ലഭിച്ചു.