കണ്ണൂർ- ടിന്റു ലൂക്ക ഉൾപ്പെടെയുള്ള ഒളിംപ്യന്മാരെ സംഭാവന ചെയ്ത മലയോര മേഖല കായിക പ്രതിഭകളുടെ അക്ഷയഖനിയാണെന്ന് പി.ടി. ഉഷ അഭിപ്രായപ്പെട്ടു. അഡ്വ. സജീവ് ജോസഫ് എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാ ദർശന്റെ നേതൃത്വത്തിൽ ഉഷ സ്‌കൂൾ ഓഫ് അത് ലറ്റിക്‌സിന്റെ ഈ വർഷത്തെ സെലക്ഷൻ ട്രയൽസിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അവർ. ആദ്യമായാണ് കേരളത്തിൽ ഒരു എം.എൽ.എയുടെ നേതൃത്വത്തിൽ ഇത്തരം ട്രയൽസ് നടത്തുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.
പൈസക്കരി ദേവമാതാ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ട്രയൽസ് അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദിശ ദർശൻ കേരളത്തിലെ മുഴുവൻ നിയമസഭാ സാമാജികർക്കും മാതൃകയാണെന്ന് സിദ്ദീഖ് അഭിപ്രായപ്പെട്ടു. ഇരിക്കൂറിന്റെ ചുവടുപിടിച്ച് കൽപ്പറ്റ മണ്ഡലത്തിലും ഉഷ സ്‌കൂളിന്റെ ട്രയൽസ് നടത്തുമെന്നും എം.എൽ.എ പറഞ്ഞു.
സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫാ സെബാസ്റ്റ്യൻ പാലക്കുഴി പി.ടി. ഉഷയെ പെന്നാടയണിയിച്ച് ആദരിച്ചു. കേരളത്തിന്റെ അകത്തും പുറത്തു നിന്നുമായി നൂറുകണക്കിന് കുട്ടികൾ ട്രയൽസിൽ പങ്കെടുത്തു.