Sorry, you need to enable JavaScript to visit this website.

ദുബായിൽ പോലീസുകാർ അപ്രത്യക്ഷരാകും; ഇനി പുതിയ സാങ്കേതിക വിദ്യ

ദുബായ്- പരമ്പരാഗത പോലീസ് സ്‌റ്റേഷനുകളും പോലീസുകാരുമെല്ലാം ഇനി ദുബായിൽ നാമവശേഷമാകാൻ പോകുന്നു. ദുബായ് സർക്കാർ അവതരിപ്പിച്ച പോലീസുകാരില്ലാതെ പോലീസിംഗ് എന്ന പുതിയ പദ്ധതി പൂർണ തോതിൽ നടപ്പിലാകുന്നതോടെ ഇവയെല്ലാം നവീനവും അത്യാധുനികവുമായ ശാസ്ത്ര സാങ്കേതിക വിദ്യകൾക്കായി വഴിമാറും. സുരക്ഷാ നിർവഹണത്തിനും ക്രമസമാധാന പാലനത്തിനുമായി മൂന്ന് പ്രത്യേക സങ്കേതങ്ങളാണ് ദുബയ് പോലീസ് അവതരിപ്പിക്കുന്നത്.

ഒന്ന് നിലവിലുള്ള രഹസ്യക്യാമറകളും സാങ്കേതി വിദ്യയും ഉപയോഗിച്ച് വിദൂരത്തു നിന്നുള്ള മുഴുസമയ പട്രോളിങ്. വീടുകളും അയൽപ്പക്കങ്ങളുമെല്ലാം സദാസമയം ഈ ക്യാമറക്കണ്ണുകളിലായിരിക്കും. രണ്ടാമത്തേത് ആകാശനിരീക്ഷണ സങ്കേതങ്ങൾ ഉപയോഗിച്ച് നഗരത്തിനു മുകളിൽ നിന്നും 24 മണിക്കൂറും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സംവിധാനം. മൂന്നാമത്തേത് ചലിച്ചു കൊണ്ടിരിക്കുന്ന പോലീസ് സ്‌റ്റേഷനുകൾ. എല്ലാ അധികാരങ്ങളുമുള്ള ഓഫീസറുടെ നേതൃത്വത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന പോലീസ് പട്രോൾ യുണിറ്റായിരിക്കും ഇത്. ഇപ്പോൾ ഒരു സങ്കൽപ്പമായ ഈ പദ്ധതിയിലൂടെ ജനങ്ങൾക്കു വേണ്ടി സുരക്ഷാ രംഗത്ത് ഏറ്റവും മികവുറ്റ സംവിധാനം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബയ് പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബദുല്ല ഖലീഫ അൽ മർറി പറഞ്ഞു. 

ഫെബ്രുവരിയിൽ ദുബയ് കിരീടവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മഖ്തൂം അവതരിപ്പിച്ച ദുബായ് 10 എന്ന ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള വിശാല പദ്ധതിയുടെ ഭാഗമാണ് പോലിസുകാരില്ലാത്ത പോലീസിങ് പദ്ധതിയും നടപ്പിലാക്കുന്നത്. പത്തു വർഷം മുന്നിൽ കണ്ടു കൊണ്ട് ദുബായിയെ ഒരു ഭാവി നഗരമായി വികസിപ്പിക്കുന്ന പദ്ധതിയാണിത്. സാങ്കേതിക വിദ്യകളിലും അടിസ്ഥാന സൗകര്യങ്ങളിലും സംവിധാനങ്ങളിലും ലോകത്തെ മറ്റിടങ്ങളിൽ നിന്നും ദുബായിയെ 10 വർഷമെങ്കിലും മുന്നിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
 

Latest News