കൊച്ചി- കിറ്റെക്സ് കമ്പനിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഭേദഗതി വരുത്തി.
കേരളത്തില്‍ നിന്നുള്ള ജാമ്യക്കാര്‍ വേണമെന്ന വ്യവസ്ഥ കോടതി ഒഴിവാക്കി. 174 പേരെ പ്രതികളാക്കി കുന്നത്തുനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാവവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.
7000രൂപ വീതം ഓരോ പ്രതിയും ജാമ്യ വ്യവസ്ഥ പ്രകാരം കോടതിയില്‍ കെട്ടിവെക്കണം. ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന പ്രതിഭാഗം ആവശ്യം കോടതി അംഗീകരിച്ചില്ല. പോലീസ് വാഹനങ്ങളും മറ്റും നശിപ്പിച്ചതിലൂടെ 12,05000 രൂപയുടെ പൊതു മുതല്‍ നശിപ്പിച്ചിട്ടുണ്ടെന്നും തുക കെട്ടിവെക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 7000രൂപ കെട്ടിവെച്ചാല്‍ മാത്രമെ ജാമ്യം ലഭിച്ചവര്‍ക്കു പുറത്തിറങ്ങാനാവുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. 50,000 രൂപയ്ക്കു തുല്യമായ രണ്ടാള്‍ ജാമ്യമാണ് കോടതി അനുവദിച്ചത്. ജസ്റ്റിസ് കെ ഹരിപാലാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കഴിഞ്ഞ ജനുവരി മൂന്നു മുതല്‍ പ്രതികളില്‍ പലരും കസ്റ്റഡിയിലാണ്.