കൽപറ്റ- ഉക്രൈനിലെ യുദ്ധഭൂമിയിൽനിന്നു സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിയ മീനങ്ങാടി കൃഷ്ണഗിരി റാട്ടക്കുണ്ട് പടിക്കമാലിൽ ആനന്ദ് ദയാൽ ബാബുവിനു നന്ദി പറയാനുള്ളതു ഖാർകിവ് സർവകലാശാല ക്യുറേറ്ററും മലയാളിയുമായ അബ്ദുൽ ബിൻ വഹാബ് ഹബീബിനോട്. ഇദ്ദേഹത്തിന്റെ സഹായം ഉണ്ടായിരുന്നില്ലെങ്കിൽ തനിക്കും ഏതാനും സുഹൃത്തുക്കൾക്കും ഉക്രൈൻ അതിർത്തി കടക്കാൻ കഴിയുമായിരുന്നില്ലെന്നു ആനന്ദ്് പറയുന്നു. അബ്ദുൽ ബിൻ വഹാബ് ഹബീബ് സ്വന്തം കാറിലാണ് ആനന്ദ് ദയാൽ ബാബുവിനെയും സുഹൃത്തുക്കളെയും ബങ്കർ പരിസരത്തുനിന്നു ഖാർകിവ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. സ്ത്രീകളെ മാത്രമേ ട്രെയിനിൽ കയറ്റൂവെന്നു അധികൃതർ ശഠിച്ചപ്പോൾ വീണ്ടും പ്രതിസന്ധിയായി. ഒടുവിൽ അധികാരികളുടെ കാലുപിടിക്കാനും അബ്ദുൽ ബിൻ വഹാബ് ഹബീബ് മുന്നിൽ നിന്നു. ഖാർകിവിൽനിന്നു 22 മണിക്കൂറോളം ട്രെയിനിൽ യാത്ര ചെയ്താണ് ആനന്ദും സുഹൃത്തുക്കളും ഉക്രൈയിനിന്റെ പടിഞ്ഞാറുഭാഗത്തുള്ള ലിവൈവിൽ എത്തിയത്. അവിടെനിന്നു ബസ് മാർഗം അതിർത്തികടന്നാണ് പോളണ്ടിൽ പ്രവേശിപ്പിച്ചത്. പോളണ്ടിൽനിന്നു വ്യോമ മാർഗം ഡൽഹിയിലും തുടർന്നു ഞായറാഴ്ച പുലർച്ചെ കൊച്ചിയിലുമെത്തുകയായിരുന്നു.
ലിവൈവിൽ രണ്ടു ദിവസം തങ്ങേണ്ടിവന്നു. ഇവിടെനിന്നു ബസിൽ അതിർത്തിയിലേക്കു യാത്ര തിരിച്ചവർക്കു പോളണ്ടിൽ പ്രവേശിപ്പിച്ചപ്പോഴാണ് ശ്വാസം നേരേ വീണത്. പോളണ്ടിൽ ഭക്ഷണം, വസ്ത്രം, താമസം എന്നിവയ്ക്കു ബുദ്ധിമുട്ടുണ്ടായില്ല. എംബസിയുടെയും സന്നദ്ധ സംഘടനകളുടെയും സഹായമുണ്ടായിരുന്നു.
ബങ്കറിലെ ജീവിതം അനുസ്മരണീയ അനുഭവമായെന്നു ഖാർകിവ് നാഷനൽ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അഞ്ചാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ ആനന്ദ് പറഞ്ഞു. ഒരു ദിവസം സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തിറങ്ങിയപ്പോഴാണ് 500 മീറ്റർ അകലെ ഷെൽവർഷം നടന്നത്. അപ്പോൾത്തന്നെ ബങ്കറിലേക്കു തിരിച്ചോടി. റഷ്യൻ അധിനിവേശം ശക്തിപ്രാപിച്ചതിനെത്തുടർന്നു ഫെബ്രുവരി 28 ന് ബങ്കർ പൂർണമായി അടച്ചു. ഇതോടെ ഭക്ഷണവും വെള്ളവും കിട്ടാതെ മരിക്കുമോ എന്ന ആശങ്കയിലായി ബങ്കറിലുള്ളവർ. മാർച്ച് ഒന്നിനു ബങ്കർ തുറന്നപ്പോൾ ഇന്ത്യക്കാരായ വിദ്യാർഥികളെല്ലാം രക്ഷപ്പെടണമെന്ന വ്യഗ്രതയോടെ പുറത്തുചാടി. പ്രാണൻ കൈയിൽ പിടിച്ച് ഒരാഴ്ചയോളം പരക്കം പാഞ്ഞതിനൊടുവിലാണ് രക്ഷയുടെ തുരത്തിൽ എത്തിയത്. പഠനം പൂർത്തിയാക്കുന്നതിൽ കടുത്ത ആശങ്കയുണ്ടെന്ന് ആനന്ദ് പറഞ്ഞു. ജൂലൈ വരെ കാത്തിരിക്കാനാണ് യൂനിവേഴ്സിറ്റി നിർദേശിച്ചത്. ജനതാദൾ-എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ബാബുവാണ് ആനന്ദിന്റെ പിതാവ്.