കണ്ണൂർ - കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിന് സമീപം നവീകരിച്ച സീ പാത്ത്‌വേ, സീവ്യൂ പാർക്ക് എന്നിവയുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനം പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ നിരവധി പുതിയ ടൂറിസം കേന്ദ്രങ്ങൾ വരുന്നുണ്ട്. എന്നാൽ നിലവിലുള്ളതിന്റെ പരിപാലനത്തിൽ പോരായ്മകളുണ്ട്. അതിനാൽ പരിപാലനം പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കണം. ടൂറിസം മേഖലയിൽ വലിയ മാറ്റമാണ് സർക്കാർ കൊണ്ടുവന്നത്. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചതും ഈ മേഖലയെയാണ്. എന്നാൽ ടൂറിസം വകുപ്പ് പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോവുകയാണ്. മലബാർ ടൂറിസത്തിന്റെ വികാസം കേരള ടൂറിസത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു
സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുഖേന 50 ലക്ഷം രൂപ ചെലവിലാണ് സീ പാത്ത്‌വേയും സീവ്യൂ പാർക്കും നവീകരിച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.വി.പ്രശാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പാർക്ക് നവീകരിച്ച ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് പ്രതിനിധി അജിത്ത് കെ. ജോസഫിന് മന്ത്രി ഉപഹാരം നൽകി. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ.സി. ശ്രീനിവാസൻ, കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസ് മാനേജർ സി.പി. ജയരാജ് എന്നിവർ പങ്കെടുത്തു.