Sorry, you need to enable JavaScript to visit this website.

ഫയൽ നീക്കത്തിൽ തട്ടുകൾ കുറക്കും -മന്ത്രി എം.വി. ഗോവിന്ദൻ

മാനന്തവാടി- ജനസേവനം എളുപ്പത്തിൽ നൽകുന്നതിന് സർക്കാർ ഓഫീസുകളിലെ ഫയൽ നീക്കത്തിന്റെ തട്ടുകൾ കുറക്കാൻ തീരുമാനിച്ചതായി തദ്ദേശ ഭരണ-എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. താഴേക്കും മേലേക്കും ഫയൽ തട്ടിക്കളിക്കാൻ അനുവദിക്കില്ല. അപാകതകൾ അപേക്ഷകനെ കണ്ട് തിരുത്തൽ വരുത്തി അതിവേഗം സേവനം നൽകാൻ ഉദ്യോഗസ്ഥർ തയാറാകേണ്ടിവരും. ഇതിന് വിരുദ്ധമായി ഫയൽ കൈകാര്യം ചെയ്യുന്ന ഉദ്യേഗസ്ഥർ വിവരമറിയുമെന്നും മന്ത്രി പറഞ്ഞു. നവകേരള തദ്ദേശകം-2022 പര്യടനത്തിന്റെ ഭാഗമായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ എന്നിവരുമായി  സംവദിക്കുകയായിരുന്നു മന്ത്രി.
 പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്തലാണ് പ്രാദേശിക സർക്കാരുകളുടെ യഥാർഥ ജോലി. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. ഓരോ നിമിഷവും നവീകരിക്കപ്പെടാതെ നാടിന് മുന്നേറാനാവില്ല. നവീകരണത്തിന്റെ ഭാഗമായാണ് അഞ്ച് വകുപ്പുകളായി പ്രവർത്തിച്ചിരുന്ന തദ്ദേശ ഭരണ വകുപ്പിനെ ഏകീകരിച്ചത്. ഫലപ്രദമായി ജനങ്ങളെ സേവിക്കുന്നതിൽ രാഷ്ട്രീയം നോക്കേണ്ടതില്ല. സാധാരണക്കാരോടും പാവപ്പെട്ടവരോടുമാണ് സർക്കാരിന്റെ ബാധ്യതയും പ്രതിബദ്ധതയും. 
പാവപ്പെട്ടർക്ക് വീട്, വിദ്യാസമ്പന്നരായ യുവതീയുവാക്കൾക്ക് തൊഴിൽ, സംരംഭകത്വ പ്രോത്സാഹനം, ശുചിത്വ കേരളം യാഥാർഥ്യമാക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ മുൻഗണന നൽകണം. അതിദരിദ്രരായി കണ്ടെത്തിയവരെ എല്ലാ അർഥത്തിലും പരമാവധി സേവനം നൽകി പൊതുധാരയുടെ ഭാഗമാക്കണം. 
വാതിൽപ്പടി സേവന പദ്ധതിയിലൂടെ ഏത് സേവനവും സന്നദ്ധ സംവിധാനം വഴി എത്തിക്കണം. ഭൂരഹിതരും ഭവനരഹിതരായവർക്ക് വീട് നിർമിക്കുന്നതിനു മനസ്സോടിത്തിരി മണ്ണ് കാമ്പയിൻ വഴി സുമനസ്സുകളിൽനിന്നു ഭൂമി സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ എ. ഗീത, നഗരസഭാ ചെയർപേഴ്‌സൺ സി.കെ. രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ടി.കെ. നസീമ, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, അഡീഷനൽ സെക്രട്ടറി എം.എസ്. ബിജുക്കുട്ടൻ, എൽ.ഐ.ഡി ആന്റ് ഇ.ഡി. ചീഫ് എൻജിനീയർ കെ. ജോൺസൺ, ചീഫ് ടൗൺ പ്ലാനർ സി.പി. പ്രമോദ്കുമാർ, അഡീഷനൽ ഡവലപ്‌മെന്റ് കമ്മീഷണർ (ജനറൽ) വി.എസ്. സന്തോഷ്‌കുമാർ, എൽ. എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ  ജോസ്‌ന മോൾ, ഏകീകൃത തദ്ദേശ വകുപ്പ് ജില്ലാ മേധാവി പി. ജയരാജൻ എന്നിവർ പ്രസംഗിച്ചു.

Latest News