തിരുവനന്തപുരം- തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ കാട്ടാക്കട സ്വദേശി ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാട്ടാക്കട വീരണകാവ് പുതിയ പാലത്തിനു സമീപം മുറുക്കര വീട്ടില്‍ ഗായത്രി ദേവിയെയാണ് (24) ഇന്ന് പുലര്‍ച്ചെയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടലില്‍ ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയ മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണ്‍ ഞായറാഴ്ച ഉച്ചയോടെ കൊല്ലം പരവൂര്‍ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഗായത്രിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രവീണ്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഗായത്രിയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകമെന്നാണ് പോലീസിനോടു പ്രവീണിന്റെ വെളിപ്പെടുത്തല്‍.
മൂന്നു ദിവസം മുമ്പാണ് ഗായത്രി കാട്ടാക്കടയിലെ വീട്ടില്‍ നിന്നുപോയത്. ഇതിനിടെ ഒരു പള്ളിയില്‍ വച്ച് പ്രവീണ്‍ താലികെട്ടുന്ന ചിത്രം ഗായത്രി സ്റ്റാറ്റസാക്കി ഇട്ടു. ഇതോടെ മകളെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം അമ്മയും ബന്ധുക്കളും പോലീസില്‍ പരാതി നല്‍കി. ഇതിനു മണിക്കൂറുകള്‍ക്കകമാണ് ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നഗരത്തിലെ പ്രശസ്ത ജുവലറിയില്‍ പ്രവീണും ഗായന്ത്രിയും ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലായത്. എട്ട് മാസം മുന്‍പ് ഗായത്രി ജോലി ഉപേക്ഷിച്ചുവെങ്കിലും ഇരുവരും തമ്മില്‍ അടുപ്പം തുടര്‍ന്നു വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുത്തത്. എന്നാല്‍ വിവരങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്ന് പിന്നീട് പ്രവീണിന്റെ ഭാര്യ ഗായത്രിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ജ്വല്ലറിയിലും ഇവര്‍ പരാതിയുമായി എത്തി.ഇതിനിടെ ഇയാളെ ജ്വല്ലറിയുടെ തമിഴ്‌നാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇവിടേക്ക് പോകുന്നതിന് മുമ്പാണ് പ്രവീണ്‍ ഹോട്ടലില്‍ മുറിയെടുത്തത്.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് പ്രവീണ്‍ തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനിലുളള ഹോട്ടലില്‍ മുറിയെടുത്തത്. ഉച്ചയോടെ ഗായത്രിയും ഇവിടെയെത്തി. ഇതിനു ശേഷം ഹോട്ടല്‍ ജീവനക്കാര്‍ ആരും കാണാതെ പ്രവീണ്‍ ഹോട്ടലില്‍നിന്ന് പുറത്തുപോകുകയായിരുന്നു. ഹോട്ടലിലെ റിസപ്ഷനില്‍ വന്ന ഒരു ഫോണ്‍ കോളിലാണ് യുവതി മുറിയില്‍ മരിച്ച വിവരം ഹോട്ടല്‍ ജീവനക്കാര്‍ അറിയുന്നത്. മുറി പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് സംശയം തോന്നി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു യുവതി. തുടര്‍ന്ന് പോലീസ് യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. എന്നാല്‍ ഇതിനിടെ യുവാവ് പരവൂര്‍ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഗായത്രിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്കൂടി വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.