കണ്ണൂര്‍ - റഷ്യന്‍ അധിനിവേശത്തിന്റെ കെടുതികള്‍ കണ്‍മുന്നില്‍ കണ്ടതിന്റെ ആശങ്കകളുമായി മലയാളി വിദ്യാര്‍ഥികള്‍ നാടണഞ്ഞു. മേഘാലയയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ കണ്ണൂര്‍ സിറ്റി സ്വദേശി ഡോ. ശഖീല്‍ അഹമ്മദിന്റെ സഹായത്തോടെയാണ് ഇവരില്‍ പലരും ദല്‍ഹിയിലെത്തിയത്.
റഷ്യന്‍ എംബസിയില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഡോ. ശഖീല്‍ സ്വന്തം നിലയിലാണ് അവിടെയുള്ള ബന്ധം ഉപയോഗിച്ച് അമ്പതിലേറെ വിദ്യാര്‍ഥികളെ നാടണയാന്‍ സഹായിച്ചത്.
45 വിദ്യാര്‍ഥികള്‍ ഞായറാഴ്ച വൈകിട്ടോടെ കേരളത്തിലേക്ക് തിരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി ഇശിത, എറണാകുളം സ്വദേശികളായ ആമിന, അലോക, തിരുവനന്തപുരത്തുകാരി അര്‍ജിത, കാസര്‍കോടുകാരി ഇബ്തിഹാല്‍, ഫാത്തിമ റിനോഷ, റോഷന്‍ തുടങ്ങിയ വിദ്യാര്‍ഥികള്‍ ദല്‍ഹി കേരളാ ഹൗസില്‍ ഇന്ന് രാവിലെ എത്തി. അവിടെ നിന്ന് രാത്രിയോടെ സംഘം കൊച്ചിയിലെത്തും.
ജീവന്‍ പണയം വെച്ചാണ് ഈ വിദ്യാര്‍ഥികളില്‍ പലരും നാടണഞ്ഞതെന്ന് ഫാത്തിമ റിനോഷയുടെ പിതാവ് ഡോ. കായഞ്ഞി പറയുന്നു. റിനോഷയും കൂട്ടുകാരികളും ഒരു ഫ് ളാറ്റിലാണ് താമസിച്ചിരുന്നത്. യുദ്ധം തുടങ്ങിയതോടെ ഫ് ളാറ്റ് വിട്ട് മെട്രൊ സ്‌റ്റേഷനിലെ ബങ്കറിലെത്താന്‍ ഇവര്‍ക്ക് നിര്‍ദേശം കിട്ടി. ഭക്ഷണത്തിനും വെള്ളത്തിനും അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാമെങ്കിലും ജീവന് സുരക്ഷയുണ്ടാവുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ബങ്കറില്‍ നിന്ന് ഉടന്‍ രക്ഷപ്പെടണമെന്ന് നിര്‍ദേശം കിട്ടി. അതോടെ ട്രെയിനുകളില്‍ വന്‍ തിരക്കായി. ഒടുവില്‍ കിട്ടിയ ട്രെയിനില്‍ മോള്‍ദോവയിലെ വിഘടിത റിപ്പബ്ലിക്കായ തിരാസ്‌പോളിലെത്തി. അവിടെ നിന്ന് വളണ്ടിയര്‍മാര്‍ വാഹനം തരപ്പെടുത്തിക്കൊടുത്തതോടെയാണ് റുമേനിയയിലെത്താന്‍ സാധിച്ചത്. ക്രിസ്ത്യന്‍ ചാരിറ്റി സംഘടനകളാണ് അവിടെ താമസവും ഭക്ഷണവുമൊക്കെ ഏര്‍പെടുത്തിയത്. സ്വന്തം ശ്രമത്തില്‍ അതിര്‍ത്തിയിലെത്തിയാല്‍ ഏറ്റെടുക്കാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നുവെങ്കിലും കുട്ടികളെ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ആദ്യം തയാറായില്ലെന്ന് ഡോ. കായിഞ്ഞി പറയുന്നു. ഡോ. ശഖീല്‍ അഹമദ് ഇടപെട്ടതോടെയാണ് കുട്ടികള്‍ക്ക് വിമാനയാത്രക്ക് സൗകര്യമുണ്ടായത്. ഡോ. കായിഞ്ഞി ചട്ടഞ്ചാല്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറാണ്.
വിദ്യാര്‍ഥികളില്‍ പലരും കാല്‍നടയായാണ് ഉെ്രെകനില്‍ നിന്ന് റുമേനിയയിലെ അതിര്‍ത്തിയിലെത്തിയത്. ആമിനയുള്‍പ്പെടെ ഏതാനും പേര്‍ ഖാര്‍കീവില്‍ കരാസിന്‍ യൂനിവേഴ്‌സിറ്റിയില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ഥികളായിരുന്നു. ഷെല്ലാക്രമണത്തില്‍ ഖാര്‍കീവ് കിടിലം കൊണ്ട ദിനങ്ങളില്‍ മെട്രൊ സ്‌റ്റേഷനിലാണ് അവര്‍ അഭയം തേടിയത്. ഇന്റര്‍നെറ്റിന് തടസ്സമില്ലാത്തതിനാല്‍ അവര്‍ക്ക് വീടുകളുമായി ബന്ധപ്പെടാനായി. അങ്ങനെയാണ് ഡോ. ശഖീല്‍ അഹമദ് അവരുടെ തിരിച്ചുവരവിന്റെ ഏകോപനം ഏറ്റെടുക്കുന്നത്.
2018 ലെ വെള്ളപ്പൊക്കത്തില്‍ വയനാട്ടിലെ കുഗ്രാമങ്ങളില്‍ സഹായമത്തെിക്കാന്‍ മുന്നിട്ടിറങ്ങിയ ഡോ. ശഖീല്‍ അഹമ്മദ്.
റുമേനിയയിലെ ബുക്കാറസ്റ്റിലെത്തുന്നതുവരെ ഇന്ത്യന്‍ എംബസിയുടെ സഹായമൊന്നും ലഭിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. റുമേനിയയിലുള്ള ഡോ. പുനീതുമായി വിദ്യാര്‍ഥികളില്‍ ചിലര്‍ ബന്ധപ്പെട്ടു. അദ്ദേഹമാണ് അതിര്‍ത്തിയിലേക്ക് കാര്‍ സൗകര്യപ്പെടുത്തിക്കൊടുത്തത്. എങ്കിലും തിരക്കു കാരണം അതിര്‍ത്തിയിലേക്കെത്താനായില്ല. മണിക്കൂറുകളോളം നടക്കേണ്ടി വന്നു.
റുമേനിയയിലെത്തിയതോടെയാണ് ജീവന്‍ തിരിച്ചുകിട്ടിയതായി വിദ്യാര്‍ഥികള്‍ക്ക് അനുഭവപ്പെട്ടത്. അവിടെ സൈനികരും ചര്‍ച്ച് മേധാവികളും സഹായത്തിനുണ്ടായിരുന്നു. ബുക്കാറസ്റ്റിലെത്തിയപ്പോഴാണ് എംബസിയില്‍ നിന്ന് ആദ്യമായി ബന്ധപ്പെടുന്നത്.
കേരളീയരുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഡോ. ശഖീല്‍ ഇതാദ്യമായല്ല ഇടപെടുന്നത്. 2018 ലെ വെള്ളപ്പൊക്കത്തില്‍ വയനാട്ടിലെ കുഗ്രാമങ്ങളില്‍ സഹായമത്തെിക്കാന്‍ സ്വയംസന്നദ്ധനായി എത്തിയ ഡോ. ശഖീലിനെ ഐ.എ.എസ് അസോസിയേഷന്‍ അന്ന് പ്രത്യേകം അഭിനന്ദിച്ചിരുന്നു.