Sorry, you need to enable JavaScript to visit this website.

പത്തനാപുരത്തെ ആശുപത്രി വിവാദം: മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ എം.എൽ.എ

കൊല്ലം- പത്തനാപുരം തലവൂരിൽ സർക്കാർ ആയുർവേദ ആശുപത്രിയിൽ സന്ദർശനം നടത്തി വിമർശനം ഉന്നയിച്ച വിഷയത്തിൽ ഡോക്ടർമാരുടെ ആക്ഷേപങ്ങൾക്ക് മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ എം.എൽ.എ രംഗത്ത്. തെറ്റായതൊന്നും താൻ പറഞ്ഞിട്ടില്ലെന്നും മൂന്ന് കോടി രൂപ മുതൽമുടക്കി നിർമിച്ച ആശുപത്രിയിലെ പൊതുമുതൽ നശിപ്പിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരേ പരാതി നൽകിയാലും കേസ് കൊടുത്താലുമൊന്നും പ്രശ്‌നമല്ല. അതെല്ലാം അവരുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തിനൊരുങ്ങുന്ന തലവൂരെ ആശുപത്രി കെട്ടിടം സന്ദർശിച്ച എം.എൽ.എ പൊടികളയാൻ ചൂലെടുത്ത് തൂക്കുകയും ഫിസിയോ തെറാപ്പി മെഷീൻ പൊടിപിടിച്ചതിൽ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ കെട്ടിടം നിർമിച്ച് ഉപകരണങ്ങൾ വാങ്ങിയിട്ടാൽ പോര അത് പരിപാലിക്കാൻ മതിയായ ജീവനക്കാരില്ലെന്നും അത് എം.എൽ.എ മനസ്സിലാക്കണമെന്നും ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും കേരള ഗവൺമെന്റ് ആയുർവേദ ഓഫീസേഴ്‌സ് ഫെഡറേഷനും പ്രതികരിച്ചിരുന്നു. 1960 ൽ വകുപ്പ് സ്ഥാപിച്ചപ്പോഴത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. 40 കിടക്കകളുള്ള ആശുപത്രിയിൽ ഒരേയൊരു സ്വീപ്പർ തസ്തികയാണ്. 70 വയസ്സുള്ള ഇയാൾ വിരമിച്ചതോടെ ഈ ഒഴിവ് നികത്തിയിട്ടില്ല. പുതിയ ഫിസിയോതെറാപ്പി മെഷീൻ ജീവനക്കാരില്ലാതെ എങ്ങനെ പ്രവർത്തിപ്പിക്കുമെന്ന് ഡോക്ടർമാർ ചോദിച്ചു. അലോപ്പതി ചികിത്സാ രംഗത്ത് ആവശ്യമായ സഹായങ്ങൾ സർക്കാർ ചെയ്യുമ്പോൾ ആയുർവേദത്തിന് അത് ചെയ്യുന്നില്ല. മതിയായ സൗകര്യങ്ങൾ നൽകാനും ജീവനക്കാരുടെ ഒഴിവ് നികത്താനും ഉന്നതാധികാരികളെ സമീപിച്ചിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും ഡോക്ടർമാർ പറയുന്നു.

 

Latest News