കണ്ണൂർ- കോടിയേരി ബാലകൃഷ്ണൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടീച്ചർ. കോടിയേരിയുടെ ചില വാക്കുകൾ മാത്രം അടർത്തിയെടുത്ത് അങ്ങനെ പറയുന്നത് ശരിയല്ല. കോടിയേരിയെ അറിയാത്തവരായി ആരും ഈ നാട്ടിലില്ല. അങ്ങനെയൊരു സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നയാളാണ് കോടിയേരിയെന്ന് അഭിപ്രായം ഇന്നാട്ടിൽ ആർക്കുമില്ല. അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ല. തമാശ പറഞ്ഞത് എടുത്തിട്ട് അത് സ്ത്രീവിരുദ്ധമാണെന്ന് പറയാൻ കഴിയില്ല. കോടിയേരി സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാണ്. അങ്ങനെയൊരു പരാമർശം ആ അർത്ഥത്തിൽ ഉണ്ടവില്ലെന്ന് കേരളീയ സമൂഹത്തിന് അറിയാം.
50 ശതമാനം സ്ത്രീകൾ സംസ്ഥാന സമിതിയിൽ എത്തിയാൽ കമ്മിറ്റി തകരുമെന്ന് ആ ഒരു അർത്ഥത്തിൽ അദ്ദേഹം പറയാനേ ഇടയില്ലെന്ന് ശൈലജ ടീച്ചർ ആവർത്തിച്ചു. സ്ത്രീ സമത്വത്തിന് വേണ്ടി ഏറ്റവും നന്നായി പ്രവർത്തിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് കോടിയേരി. ഇപ്പോൾ തന്നെ സി.പി.എമ്മിന്റെ വിവിധ മേഖലകളിൽ നന്നായി സ്ത്രീകൾ മുന്നോട്ട് വരുന്നുണ്ട്. എത്രയാളുകൾ ബ്രാഞ്ച് സെക്രട്ടറിമാരായി വന്നിട്ടുണ്ട്. സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല തത്വശാസ്ത്രത്തിന്റെ നേതാവാണ് കോടിയേരി. ഒരു വാചകം മാത്രം അടർത്തിയെടുത്ത് അങ്ങനെ പറയുന്നത് ശരിയല്ല. ആ അർത്ഥം വെച്ച് പറയുന്നവരെ നമ്മൾ മുമ്പ് വിമർശിച്ചിട്ടുണ്ടല്ലോ. ഇത് അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും അവർ ന്യായീകരിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ സ്ത്രീ സംവരണം സംബന്ധിച്ച ചോദ്യത്തെ പരിഹസിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിവാദമായിരുന്നു. 50 ശതമാനം സ്ത്രീ സംവരണം കമ്മിറ്റിയിലുണ്ടാകുമോ എന്ന ചോദ്യത്തിന് നിങ്ങൾ പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണോ എന്നായിരുന്നു കോടിയേരി പ്രതികരിച്ചത്.