കൊച്ചി- ലോക നിലവാരത്തിലുള്ള ബോട്ട് സർവീസുമായി കൊച്ചി വാട്ടർ മെട്രോ ഒരുങ്ങുന്നു. ഇന്ത്യയിൽ ഒരിടത്തും ലഭിക്കാത്ത മികച്ച യാത്രാ സൗകര്യങ്ങളോടെയാണ് കേരളത്തിന്റെ സ്വന്തം വാട്ടർ മെട്രോ കൊച്ചിയിൽ യഥാർഥ്യമാകുന്നത്.
ഗതാഗതക്കുരുക്കിന്റെ ബുദ്ധിമുട്ടുകൾ നന്നായി അറിയുന്ന കൊച്ചിക്കാർക്ക് വെയിലും മഴയും പൊടിയുമേൽക്കാതെ, കാതടിപ്പിക്കുന്ന ഹോണടി ശബ്ദം ഇല്ലാതെ, എയർ കണ്ടീഷന്റെ ശീതളിമയിൽ, ശാന്തമായി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ബോട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. തീർത്തും സുരക്ഷിതമായ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ട്. പൂർണമായും എയർകണ്ടീഷൻ ചെയ്ത ബോട്ടിലിരുന്ന് സുതാര്യമായ ഗ്ലാസിലൂടെ കായൽ കാഴ്ചകൾ പൂർണമായും ആസ്വദിച്ച് യാത്ര ചെയ്യാം.
ജല ഗതാഗതത്തിൽ ഏറെ പുതുമകൾ സൃഷ്ടിച്ച ആദ്യ പവേർഡ് ഇലക്ട്രിക് ബോട്ടായ മുസ്രിസ് എന്ന് പേരിട്ടിരിക്കുന്ന ബോട്ടാണ് കൊച്ചി വാട്ടർ മെട്രോയ്ക്കായി ഉപയോഗിക്കുന്നത്. ട്രയൽ റൺ പൂർത്തിയാക്കിയ ബോട്ട് മാധ്യമ പ്രവർത്തകർക്കായി വൈറ്റിലയിൽ നിന്ന് കാക്കനാട് വരെയും തിരിച്ചും സർവീസ് നടത്തി. ദേശീയ ജലപാത 3-ൽ ചമ്പക്കര കനാലിലൂടെ അര മണിക്കൂർ സമയമാണ് ഒരു ഭാഗത്തേക്ക് യാത്രയ്ക്ക് വേണ്ടിവരുന്നത്.
വാട്ടർ മെട്രോയ്ക്ക് വേണ്ടി കൊച്ചിൻ ഷിപ്പ്യാർഡ് ആണ് ബോട്ട് നിർമിച്ചിരിക്കുന്നത്. വാട്ടർ മെട്രോയുടെ ഭാഗമായി നിർമിക്കുന്ന 23 ബോട്ടുകളിൽ ആദ്യത്തേതാണ് ഈ ബോട്ട്. ബാക്കിയുള്ളവ നവംബറോടെ കൈമാറുമെന്നാണ് ഷിപ്പ്യാർഡ് അധികൃതർ അറിയിച്ചിരിക്കുന്നത്. നാലു ബോട്ടുകൾ കൂടി ലഭിച്ചാൽ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 പേർക്ക് ഇരുന്നും 50 പേർക്ക് നിന്നും ആകെ 100 പേർക്ക് ഒരേസമയം യാത്ര ചെയ്യാൻ കഴിയും. പാസഞ്ചർ കൗണ്ടിങ് സിസ്റ്റം ഉപയോഗിച്ചാകും യാത്രക്കാർക്ക് പ്രവേശനം. 100 പേർക്ക് കയറാവുന്ന ബോട്ടിൽ കൂടുതൽ പേർ പറ്റില്ലെന്ന് സാരം.
ബാറ്ററിയിലും ഡീസൽ ജനറേറ്റർ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ബോട്ടെന്ന പുതുമയുമുണ്ട് ഇതിന്. ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല. വളരെ വേഗത്തിൽ ചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതിൽ ഉപയോഗിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാം. യാത്രക്കാർ കയറി, ഇറങ്ങുമ്പോൾ പോലും ആവശ്യമെങ്കിൽ ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്. എട്ട് നോട്ട് (നോട്ടിക്കൽ മൈൽ പെർ അവർ) ആണ് ബോട്ടിന്റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.
അലുമിനിയം കട്ടമരൻ ഹള്ളിലാണ് നിർമിതി. ഫ്ളോട്ടിംഗ് ജെട്ടികളായതിനാൽ ബോട്ടും ജെട്ടിയും എപ്പോഴും ഒരേ നിരപ്പിലായിരിക്കും. അതിനാൽ ഏറ്റവും സുരക്ഷിതമായി കുട്ടികൾക്കും മുതിർന്നവർക്കും വരെ കയറുകയും ഇറങ്ങുകയും ചെയ്യാം. കായൽപരപ്പിലൂടെ വേഗത്തിൽ പോകുമ്പോഴും ഓളം ഉണ്ടാക്കുന്നത് പരമാവധി കുറയ്ക്കുന്ന രീതിയിലാണ് ബോട്ടിന്റെ ഘടന.
വൈറ്റില ഹബിലെ ഓപ്പറേറ്റിംഗ് കൺട്രോൾ സെന്ററിൽ നിന്ന് ഓട്ടോമാറ്റിക്കായി ബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. രാത്രി യാത്രയിൽ ബോട്ട് ഓപ്പറേറ്റർക്ക് സഹായകമാകുന്നതിന് തെർമൽ കാമറയും സജ്ജീകരിച്ചിട്ടുണ്ട്. ബോട്ടിന് ചുറ്റുമുള്ള കാഴ്ചകൾ ഓപ്പറേറ്റർക്ക് കാണുവാൻ കഴിയും. മാത്രമല്ല ബോട്ടുകളിൽ റഡാർ സംവിധാനവുമുണ്ടാകും. ബാറ്ററി ചാർജ് തീർന്നാൽ യാത്ര തുടരാൻ ഡീസൽ ജനറേറ്റർ സൗകര്യവുമുണ്ട്. ഇതു രണ്ടും ഒരുമിച്ച് ഉപയോഗിച്ച് കൂടുതൽ വേഗത്തിൽ പോകാനുള്ള സൗകര്യവുമുണ്ട്.
76 കിലോമീറ്റർ നീളത്തിൽ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സർവീസ് നടത്തുന്ന വളരെ ബൃഹത്തായ ജല ഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടർ മെട്രോ. വാട്ടർ മെട്രോ ടെർമിനലുകളുടെയും ബോട്ടുകളുടെയും നിർമാണം വളരെ വേഗം പുരോഗമിക്കുകയാണ്. 38 ടെർമിനലുകളിൽ മൂന്നെണ്ണത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു.
കാക്കനാട്, വൈറ്റില, ഏലൂർ ടെർമിനലുകളാണ് പൂർത്തിയായിരിക്കുന്നത്. വൈപ്പിൻ, ബോൾഗാട്ടി, ഹൈക്കോർട്ട്, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ എന്നിവയുടെ നിർമാണം ജൂണോടെ പൂർത്തിയാകും. വൈറ്റില-കാക്കനാട് റൂട്ടിൽ ഡ്രഡ്ജിംഗ് പൂർത്തിയായി. ഹൈക്കോർട്ട്-വൈറ്റില റൂട്ടിൽ ഡ്രഡ്ജിംഗ് പുരോഗമിക്കുന്നു.
----