Sorry, you need to enable JavaScript to visit this website.

റിയാദ് പുസ്തക മേളക്ക് ബുധനാഴ്ച തുടക്കം

റിയാദ് - ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര ബുക് ഫെയറിന് ബുധനാഴ്ച തിരശ്ശീല ഉയരും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 500 ലേറെ പ്രസാധകർ പങ്കെടുക്കുന്ന ബുക് ഫെയറിൽ യു.എ.ഇ ആണ് വിശിഷ്ടാതിഥി രാജ്യം. റിയാദ് ഇന്റർനാഷണൽ കോൺഫറൻസ്, എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന ബുക് ഫെയർ 24 വരെ തുടരും.  ശിൽപശാലകളും സാംസ്‌കാരിക, സാഹിത്യ സെമിനാറുകളും കവിയരങ്ങുകളും നാടകങ്ങളും സംവാദങ്ങളും അടക്കം 80 സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. 
ഈ വർഷം ആദ്യമായി മാരത്തൺ വിവർത്തനവും സംഘടിപ്പിക്കുന്നുണ്ട്. അറബിയിൽനിന്ന് ഇരുനൂറിലേറെ ലേഖനങ്ങൾ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനും സൗദി അറേബ്യയുടെ സംസ്‌കാരവും പൈതൃകവും ആചാരങ്ങളും പാരമ്പര്യങ്ങളുമായും ബന്ധപ്പെട്ട മേഖലകളിൽ വിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 
സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയം സംഘടിപ്പിക്കുന്ന റിയാദ് ഇന്റർനാഷണൽ ബുക്‌ഫെയർ അറബ് ലോകത്ത് ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന ബുക്‌ഫെയറാണ്. അറബ് ലോകത്ത് ബുക്‌ഫെയറിനോടനുബന്ധിച്ച് ഏറ്റവും കൂടുതൽ സാംസ്‌കാരിക, സാഹിത്യ പരിപാടികൾ അരങ്ങേറുന്നതും റിയാദ് ബുക്‌ഫെയറിലാണ്. കഴിഞ്ഞ വർഷത്തെ റിയാദ് ബുക്‌ഫെയർ നാലു ലക്ഷത്തിലേറെ പേർ സന്ദർശിച്ചിരുന്നു. പത്തു ദിവസത്തിനിടെ 7.2 കോടി റിയാലിന്റെ പുസ്തകങ്ങൾ വിൽപനയായി. ബുക്‌ഫെയറിനോടനുബന്ധിച്ച സാംസ്‌കാരിക, സാഹിത്യ പരിപാടികളിൽ വിശിഷ്ടാതിഥി രാജ്യമെന്നോണം യു.എ.ഇക്ക് കൂടുതൽ പങ്കാളിത്തമുണ്ടാകും. 
 

Latest News