- അനധികൃത കണക്ഷൻ തടഞ്ഞതും വിദേശികളുടെ മടക്കവും കാരണം
റിയാദ് - സൗദിയിൽ മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിലെ മൊബൈൽ കണക്ഷൻ 4.2 കോടിയാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ. ടി.സി) വെളിപ്പെടുത്തി. ഇതിൽ 74.8 ശതമാനവും പ്രീപെയ്ഡ് കണക്ഷനുകളും 25.2 ശതമാനം പോസ്റ്റ് പെയ്ഡ് കണക്ഷനുകളുമാണ്. രണ്ടു വർഷം മുമ്പ് സൗദിയിൽ 5.2 കോടിയിലേറെ മൊബൈൽ ഫോൺ കണക്ഷനുകളുണ്ടായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് മൊബൈൽ ഫോൺ കണക്ഷൻ വ്യാപന നിരക്ക് 127 ശതമാനമാണ്. അനധികൃത കണക്ഷനുകൾക്ക് തടയിടുന്നതിന്റെ ഭാഗമായി മൊബൈൽ ഫോൺ സിം കാർഡുകളെ ഉപയോക്താക്കളുടെ വിരലടയാളങ്ങളുമായി ബന്ധിപ്പിച്ചത് കണക്ഷനുകളുടെ എണ്ണം ഗണ്യമായി കുറയാൻ കാരണമാണ്. ലെവി അടക്കമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായി തൊഴിൽ നഷ്ടപ്പെട്ടും സൗദിയിലെ ജോലിയും താമസവും മതിയാക്കിയും വിദേശികൾ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതും മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം കുറയുന്നതിന് ഇടയാക്കിയതായി അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സിലെ മുൻ ടെലികോം, ഐ.ടി കമ്മിറ്റി പ്രസിഡന്റ് ഹൈഥം അബൂആയിശ പറഞ്ഞു.
ജവാസാത്ത് ഡയറക്ടറേറ്റിന്റെ കണക്ക് പ്രകാരം കഴിഞ്ഞ കൊല്ലം 12 ലക്ഷത്തോളം വിദേശികൾ ഫൈനൽ എക്‌സിറ്റ് നേടി സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്. സി.ഐ. ടി.സി കണക്കുകൾ പ്രകാരം സൗദിയിൽ 26 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്. രാജ്യത്ത് ഇന്റർനെറ്റ് വ്യാപന നിരക്ക് 82 ശതമാനമാണ്. 2012 ൽ ഇത് 54 ശതമാനം മാത്രമായിരുന്നു. മൊബൈൽ ഫോൺ ബ്രോഡ്ബാന്റ് സേവനത്തിൽ 29.7 ദശലക്ഷം വരിക്കാരുണ്ട്. 2016 നെ അപേക്ഷിച്ച് മൊബൈൽ ഫോൺ ബ്രോഡ്ബാന്റ് സേവന ഉപയോക്താക്കളുടെ എണ്ണത്തിൽ കഴിഞ്ഞ കൊല്ലം 25 ശതമാനം വർധന രേഖപ്പെടുത്തി. മൊബൈൽ ഫോൺ ബ്രോഡ്ബാന്റ് സേവന വ്യാപന നിരക്ക് 93.5 ശതമാനമാണ്.
സൗദിയിൽ ആകെ 3.64 ദശലക്ഷം ലാന്റ് ഫോൺ കണക്ഷനുകളുണ്ട്. ഇതിൽ 19 ലക്ഷം ഗാർഹിക കണക്ഷനുകളും 17.4 ലക്ഷം വാണിജ്യ കണക്ഷനുകളുമാണ്. സൗദിയിൽ 31.6 ശതമാനം താമസസ്ഥലങ്ങളിൽ ലാന്റ് ഫോൺ സേവനമുണ്ട്.
കഴിഞ്ഞ വർഷം ടെലികോം, ഐ.ടി സേവനങ്ങൾക്ക് ഉപയോക്താക്കൾ 13,600 കോടിയിലേറെ റിയാൽ ചെലവഴിച്ചതായാണ് കണക്കാക്കുന്നത്. ടെലികോം സേവന മേഖലയിൽനിന്ന് മാത്രമുള്ള വരുമാനം 7000 കോടി റിയാലായിരുന്നു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടെലികോം മേഖലയുടെ പങ്ക് ആറു ശതമാനമായും ആകെ പെട്രോളിതര ഉൽപാദനത്തിൽ ടെലികോം മേഖലയുടെ പങ്ക് പത്തു ശതമാനമായും ഉയർന്നിട്ടുണ്ട്.