കൊച്ചി-പി ശശിയെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ശരിയായ സന്ദേശമാണ് നല്‍കുകയെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇത് തെറ്റായ സന്ദേശം നല്‍കില്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. തെറ്റ് തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് കോടിയേരി പറഞ്ഞു. പി ശശി കുറച്ചു കാലമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റിലുള്ളയാളാണ്. എല്ലാവര്‍ക്കും കൊടുത്ത പരിഗണനയാണ് അദ്ദേഹത്തിന് നല്‍കിയത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ആരെ എടുക്കണമെന്ന് സംസ്ഥാന സമ്മേളനമല്ലേ തീരുമാനിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പി ശശി സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി പോലുമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ സംസ്ഥാന സമ്മേളനത്തിന് ആരെ വേണമെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ അധികാരമുണ്ടെന്ന് അദ്ദേഹം മറുപടി നല്‍കി. ജി സുധാകരനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത് അദ്ദേഹം നല്‍കിയ കത്തും അദ്ദേഹത്തിന്റെ പ്രായവും പരിഗണിച്ചാണെന്ന് കോടിയേരി പറഞ്ഞു. അദ്ദേഹത്തിന് പാര്‍ട്ടി ഉചിതമായ ചുമതലകള്‍ നല്‍കും. പി ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എടുക്കാന്‍ കഴിയുന്ന നിരവധി പേര്‍ പാര്‍ട്ടിയിലുണ്ടെന്നും എല്ലാവരെയും എടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു മറുപടി.