കണ്ണൂര്‍- സി.പി.എമ്മില്‍ തലമുറ മാറ്റം നടന്ന എറണാകുളം സമ്മേളനത്തില്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശി സംസ്ഥാന സമിതിയിലെത്തിയത് തീര്‍ത്തും അപ്രതീക്ഷിതമായി. പറഞ്ഞു കേട്ട പേരുകളില്‍ ഒന്നും ഉള്‍പ്പെടാതിരുന്ന മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ശശിയുടെ തിരിച്ചു വരവ് കൂടിയായി ഈ സമ്മേളന തീരുമാനം.
എസ്.എഫ്.ഐ യുടെയും, ഡി.വൈ.എഫ്.ഐ യുടെയും സംസ്ഥാന നിരയില്‍ തിളങ്ങിയ ശേഷം മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായാണ് പി.ശശി സംസ്ഥാന രാഷ്ട്രീയത്തിലെ താരമായത്. പിന്നിട് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ശേഷം കണ്ണൂര്‍ ജില്ല സെക്രട്ടറിയായി. ഈ പദവിയില്‍ ഇരിക്കുന്നതിനിടെയാണ് ലൈംഗിക ആരോപണമുയരുന്നതും പാര്‍ട്ടി നടപടിക്ക് വിധേയനായി ശശി പുറത്തു പോകുന്നതും.
പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഷന്‍ ലഭിച്ചുവെങ്കിലും പാര്‍ട്ടിയുമായി ചേര്‍ന്നാണ് ശശി പിന്നീട് സഞ്ചരിച്ചത്. പാര്‍ട്ടി കേസുകള്‍ വാദിക്കുന്ന അഡ്വ.വിശ്വന്റെ ജൂനിയറായി അഭിഭാഷകന്റെ കോട്ടണിഞ്ഞ ശശി, സി.പി.എം സഹയാത്രികനായി തുടരുകയും, പാര്‍ട്ടി കേസുകള്‍ വാദിയ്ക്കുകയും ചെയ്തു. പിന്നീട് സ്വന്തമായി പ്രാക്ടിസ് തുടങ്ങുകയും, ഇടതുപക്ഷ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് യൂണി യന്റെ തലപ്പത്തെത്തുകയും ചെയ്തു.
പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയ ശേഷവും സി.പി.എമ്മിലെ കണ്ണൂര്‍ ലോബി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശശി, പടിപടിയായാണ് പാര്‍ട്ടിയിലേക്ക് തിരികെ വന്നത്. ഏരിയാ കമ്മിറ്റി അംഗമായ ശേഷം അഭിഭാഷക യൂനിയന്‍ പ്രതിനിധിയായി ജില്ലാ കമ്മറ്റിയിലേക്കും എത്തിയ ശശി, ഇത്തവണ സംസ്ഥാന സമ്മേളന പ്രതിനിധി കൂടിയായിരുന്നു.
വിഭാഗീയത കത്തി നിന്ന കാലത്ത് കണ്ണൂര്‍ ലോബിയിലെ പ്രബലനും സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിണറായിക്കൊപ്പം ഉറച്ചു നിന്ന ശശി, തുടര്‍ന്നും ഈ ബന്ധം നിലനിര്‍ത്തിയിരുന്നു. യുവാക്കള്‍ക്കായി തലമുറ മാറ്റം എന്നു പറയുമ്പോഴും മധ്യവയസ്സു പിന്നിട്ട ശശി, അപ്രതീക്ഷിതമായി ഈ പട്ടികയില്‍ ഇടം കണ്ടെത്തിയത് ഉന്നത ബന്ധങ്ങള്‍ക്ക് ഉദാഹരണമാണ്.