ബുറൈദ - ഇന്ത്യക്കാരനെ തടഞ്ഞുനിർത്തി ആക്രമിച്ച് പണം പിടിച്ചുപറിച്ച നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി അൽഖസീം പോലീസ് അറിയിച്ചു. മോഷ്ടിച്ച നമ്പർ പ്ലേറ്റുകൾ സ്ഥാപിച്ച കാറിൽ സഞ്ചരിച്ചാണ് സംഘം പിടിച്ചുപറി നടത്തിയത്. മൂന്നു സൗദി യുവാക്കളും ബംഗ്ലാദേശുകാരനുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മൂന്നു പേർ നടന്നുപോകുന്നതിനിടെയാണ് കാറിലെത്തിയ അക്രമി സംഘം മൂവരെയും ആക്രമിച്ചും ദേഹപരിശോധന നടത്തിയും കൂട്ടത്തിൽ ഒരാളുടെ പക്കലുണ്ടായിരുന്ന പണം പിടിച്ചുപറിച്ചത്. പ്രതികൾ മറ്റൊരു കാറിന്റെ നമ്പർ പ്ലേറ്റുകൾ കവരുന്നതിന്റെയും മൂന്നംഗ സംഘത്തെ തടഞ്ഞുനിർത്തി ആക്രമിച്ച് പണം പിടിച്ചുപറിക്കുന്നതിന്റെയും അറസ്റ്റിലായ പ്രതികളുടെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.