Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ വിമർശനം ഏശിയില്ല; മാതമംഗലം മോഡൽ' സമരം ശക്തമാക്കാനൊരുങ്ങി സി.ഐ.ടി.യു

കണ്ണൂർ- തൊഴിലിടങ്ങളിലെ നിലപാടുകൾ സംബന്ധിച്ച് മുഖ്യമന്ത്രി രൂക്ഷ വിമർശനമുന്നയിച്ചത് കണക്കിലെടുക്കാതെ
മാടായിലെ 'മാതമംഗലം മോഡൽ' സമരം ശക്തമാക്കാനൊരുങ്ങി സി.ഐ.ടി.യു. മാടായിയിലെ ശ്രീ പോർക്കലി സ്റ്റീൽസ് എന്ന സ്ഥാപനത്തിന് മുന്നിൽ തൊഴിൽ നിഷേധം ആരോപിച്ച് കഴിഞ്ഞ 23 ദിവസങ്ങളായി നടത്തുന്ന ഉപരോധ സമരമാണ് കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചത്. തൊഴിൽ സംസ്‌കാരത്തിൽ കാതലായ മാറ്റങ്ങൾ വേണമെന്നും, തെറ്റാണെന്നറിഞ്ഞിട്ടും ചില കാര്യങ്ങൾ അതേപടി തുടരുന്നുവെന്നും സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി.ഐ.ടി.യുവിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണീ നടപടി. മാതമംഗലത്ത് സി.ഐ.ടി.യു നടത്തിയ ഉപരോധ സമരവും അക്രമവും പാർട്ടിക്കും സർക്കാരിനും ഉണ്ടാക്കിയ ദുഷ്‌പേരിനെ പരോക്ഷമായി പരാമർശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എന്നാൽ തൊഴിൽ നിഷേധമെന്ന വാദം ഉയർത്തിക്കാട്ടി പ്രക്ഷോഭം ശക്തമാക്കാനാണ് സംഘടന തീരുമാനിച്ചത്.
ഇക്കഴിഞ്ഞ ജനുവരി 23 നാണ് മാടായിയിൽ സ്ഥാപനം തുറന്നത്. പയ്യന്നൂർ വെള്ളൂർ സ്വദേശി ടി.വി. മോഹൻലാലാണ് സ്ഥാപന ഉടമ. മേൽക്കൂരയ്ക്കുള്ള ഷീറ്റ്, ഇരുമ്പുപൈപ്പ് ഉൾപ്പെടെയുള്ള സാമഗ്രികളാണ് ഇവിടെ വിൽപനക്കുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ ഇവർക്ക് സ്ഥാപനങ്ങളുണ്ട്. വായ്പയെടുത്തും മറ്റുമാണ് സ്ഥാപനം തുടങ്ങിയത്. ഇവിടെ സ്ഥാപനം തുടങ്ങുന്ന കാര്യവും, കയറ്റിറക്കിനായി തങ്ങളുടെ ചീമേനി സ്ഥാപനത്തിലെ തൊഴിൽ കാർഡുള്ള തൊഴിലാളികളെ നിയോഗിക്കുന്ന വിവരവും പ്രാദേശിക സി.ഐ.ടി.യു നേതാക്കളെ അറിയിച്ചിരുന്നുവെന്ന് സ്ഥാപന ഉടമ പറയുന്നു. അന്ന് ആരും വിയോജിപ്പ് അറിയിച്ചില്ല. ഇതനുസരിച്ച് അവിടെ നിന്നും തൊഴിലാളികൾ എത്തിയാണ് മൂന്നു ദിവസം സ്ഥാപനത്തിലേക്കുള്ള ചരക്കുകൾ ഇറക്കിയത്. ഇതിന് ശേഷമാണ് സി.ഐ.ടി.യു സമരവുമായി രംഗത്ത് വന്നതെന്നാണ് ഉടമയുടെ വാദം. രാവിലെ എട്ടുമുതൽ വൈകുന്നേരം ആറ് വരെയാണ് തൊഴിലാളി സംഘടനകളുടെ തൊഴിൽ സമയം. രാത്രിയിലെത്തുന്ന ലോഡ് ഇറക്കാൻ രാവിലെ വരെ കാത്തിരിക്കണം. ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ടെന്ന് ഉടമ പറയുന്നു. 
സി.ഐ.ടി.യു ഉപരോധത്തെത്തുടർന്ന് വ്യാപാരം നടത്താൻ പറ്റാത്ത സാഹചര്യത്തിൽ സംരക്ഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അനുകൂലവിധി ലഭിച്ചാൽ പോലീസ് എന്ത് നടപടിയെടുക്കുമെന്ന് നോക്കിയശേഷം കട പൂട്ടണമോ വേണ്ടയോ എന്ന് തീരുമാനിക്കും. സ്ഥാപനം തുറക്കുന്നുണ്ടെങ്കിലും കച്ചവടമൊന്നും നടക്കുന്നില്ല.പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സി.ഐ.ടി.യു നേതാക്കളുമയി ചർച്ച നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ലെന്നും ഉടമ പറയുന്നു.
അതേസമയം, സ്ഥാപനത്തിലെത്തുന്ന ലോഡിറക്കാൻ ഇവിടെയുള്ള തൊഴിലാളികളെ അനുവദിക്കാത്തതാണ് സമരത്തിന് കാരണമായതെന്നാണ് സി.ഐ.ടി.യു നേതൃത്വം പറയുന്നത്. തൊഴിൽ നിഷേധിക്കുന്ന നിലപാടാണ് സ്ഥാപന ഉടമ സ്വീകരിക്കുന്നതെന്നും ഇതര സംസ്ഥാനക്കാരെയും മറ്റുമുപയോഗിച്ചാണ് ലോഡിറക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ സി.ഐ.ടി.യു മാടായി ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മാർച്ച് 10 ന് പഴയങ്ങാടിയിൽനിന്നും മാടായി ശ്രീപോർക്കലി സ്റ്റീൽസിന് മുന്നിലേക്ക് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. മാടായി, ഏഴോം പ്രദേശത്ത് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തൊഴിൽ കാർഡ് ലഭിച്ച 30 തൊഴിലാളികൾ വർഷങ്ങളായി ജോലി ചെയ്യുന്നുണ്ടെന്നും, ഒരു സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഇല്ലെന്നും സി.ഐ.ടി.യു നേതൃത്വം വ്യക്തമാക്കി.   

Latest News