കൊല്ലം- വീട് നിര്‍മിക്കുന്നതിന് ലഭിച്ച സഹായത്തിന്റെ പങ്ക് നല്‍കാതിരുന്ന മകളുടെ കാല്‍ തല്ലി ഒടിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ നെടുങ്ങോലം കൂനയില്‍ ബിന്ദുവിലാസത്തില്‍ ബാബു മകന്‍ അജയന്‍ (47) ആണ് പിടിയിലായത്. ഇയാളുടെ മകള്‍ അഞ്ജുവിന് പരവൂര്‍ മുനിസിപ്പാലിറ്റിയില്‍നിന്നും വീട് നിര്‍മ്മിക്കുന്നതിന് ഗ്രാന്റ് അനുവദിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് അവര്‍ ഗൃഹനിര്‍മ്മാണ സാമിഗ്രികള്‍ ഇറക്കി വീട് പണി ആരംഭിച്ചു. പാരിപ്പളളിയില്‍ മാറി താമസിക്കുകയായിരുന്ന പിതാവ് വിവരം അറിഞ്ഞെത്തി പണത്തിന്റെ പങ്ക് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഗൃഹനിര്‍മ്മാണത്തിന് അനുവദിച്ച പണത്തിന്റെ പങ്ക് കൊടുക്കുവാന്‍ മകള്‍ തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ മകളെ ആക്രമിക്കുകയായിരുന്നു.
വീട് നിര്‍മ്മാണത്തിന് പണിതുവെച്ച കട്ടള ഉപയോഗിച്ച് അടിച്ചതിനെ തുടര്‍ന്ന് മകളുടെ കാലിലെ അസ്ഥി ഒടിഞ്ഞു. നെടുങ്ങോലം ആശുപത്രിയില്‍ ചികിത്സയിലാണ്. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ. നിസാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, വിനോദ്, സജിമോന്‍ സിപിഒ മാരായ ഷഫീര്‍, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് അജയനെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.