കണ്ണൂർ - കോൺഗ്രസ് നേതാവിന്റെ സ്‌കൂട്ടർ അഗ്‌നിക്കിരയാക്കി. കോൺഗ്രസ് ധർമ്മടം ബ്ലോക്ക് ജനറൽ സിക്രട്ടറി വി.പി.രാജീവന്റെ സ്‌കൂട്ടറാണ് തീവെച്ച് നശിപ്പിച്ചത്. കഴിഞ്ഞ അർദ്ധ രാത്രിയാണ് സംഭവം. വീട്ടുപരിസരത്ത് നിർത്തിയിട്ടതായിരുന്നു സ്‌കൂട്ടർ. വാഹനത്തിന്റെ മുൻ - പിൻഭാഗങ്ങൾ കത്തിനശിച്ചു.
പെട്രോൾ ടാങ്ക് ലക്ഷ്യമിട്ടാണ് പിൻഭാഗത്ത് തീവെച്ചതെന്നതിനാൽ സംഭവം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുത്തുന്നു. മുഴപ്പിലങ്ങാട് കൂർമ്പക്കാവ് താലപ്പൊലി ഉത്സവം സംബന്ധിച്ച് ചർച്ച ചെയ്യാൻ എടക്കാട് പോലീസ് സർവ്വകക്ഷി യോഗം വിളിച്ച് ചേർത്തിരിക്കെയാണ് തീവെപ്പ് സംഭവം നടന്നിരിക്കുന്നത്. സ്‌കൂട്ടറിന് തൊട്ടടുത്ത് സഹോദരന്റെ ടാക്‌സി കാർ ഉണ്ടായിരുന്നുവെങ്കിലും തീപിടുത്തം ഉണ്ടായ ഉടനെ തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവം അറിഞ്ഞ ഉടനെ എടക്കാട് പോലീസ് സ്ഥലത്തെത്തി.
സംഭവത്തെക്കുറിച്ച് സമഗ്രഅന്വേഷണം വേണമെന്ന് ധർമ്മടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുതുക്കുടി ശ്രീധരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.