പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനമായ കോഴിക്കോട്ടെ യൂണിറ്റി ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച വിഷയങ്ങളെ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് ഹാദിയ.
ഞങ്ങള്‍ക്ക് നീതികിട്ടാന്‍ നടത്തിയ നിയമപോരാട്ടം നല്ല മനസ്സുള്ള മുഴുവന്‍ ആളുകളുടെയും പിന്തുണയുടെയും പ്രാര്‍ത്ഥനയുടെയും ഫലമായാണ് വിജയിച്ചതെന്ന് ഉത്തമ ബോധ്യമുണ്ട്. ഇസ്‌ലാം സ്വീകരിച്ച ആദ്യ ഘട്ടങ്ങളില്‍ പലരെയും സമീപിച്ചപ്പോള്‍ അവരെല്ലാം ഒഴിഞ്ഞുമാറിയിരുന്നു. പോപുലര്‍ ഫ്രണ്ടും സത്യസരണിയുമാണ് എന്നെ സ്വീകരിക്കാനും പിന്തുണക്കാനും തയ്യാറായത്. ചോദ്യത്തിന് ഉത്തരമായി പറഞ്ഞ ഇക്കാര്യത്തെ തെറ്റിദ്ധരിച്ചാണ് പലരും വാര്‍ത്ത നല്‍കുകയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തതെന്നാണ് ഹാദിയയുടെ പേരില്‍ ഷെഫിന്‍ ജഹാന്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട സുപ്രിംകോടതി വിധി വന്നതിന് ശേഷം കോളേജില്‍ നിന്നും 3 ദിവസത്തെ ലീവ് എടുത്തിരുന്നു. ശനിയാഴ്ച രാവിലെ കോഴിക്കോട് യൂണിറ്റി ഹൗസിലെത്തി. പലഘട്ടങ്ങളില്‍ എന്നെ സഹായിക്കുകയും ഞങ്ങളുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ശക്തമായ നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാനെയും സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെയുള്ള മറ്റു നേതാക്കളെയും കണ്ട് നന്ദി അറിയിക്കാനാണ് യൂണിറ്റി ഹൗസില്‍ പോയത്.
ഹൈക്കോടതിയിലെ നീതിരഹിതമായ തീര്‍പ്പിന്റെ ഭാഗമായി വീട്ടുതടങ്കലില്‍ അടക്കപ്പെട്ട സമയത്ത് എന്റെ മോചനത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും വേണ്ടി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികള്‍ സംഘടനകള്‍ മാധ്യമങ്ങള്‍ എല്ലാം തന്നെ സജീവമായി ഇടപ്പെട്ടിട്ടുണ്ട് എന്നറിയാന്‍ കഴിഞ്ഞത് പോലും ഞാന്‍ മോചിതയായതിനു ശേഷമാണ്. അതുവരെ പുറംലോകത്ത് എന്ത് നടക്കുന്നു എന്ന് എനിക്കറിയാന്‍ സാധിച്ചിരുന്നില്ല.ഞങ്ങള്‍ വരുന്നത് അറിഞ്ഞ് യൂണിറ്റി ഹൗസില്‍ മാധ്യമപ്രവര്‍ത്തകരും എത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ച് അവരുമായി സംസാരിക്കാന്‍ അവിടെത്തന്നെ പോപുലര്‍ ഫ്രണ്ട് നേതൃത്വം സൗകര്യം ഒരുക്കിത്തന്നു.
മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ച വിഷയങ്ങളെ സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ചില വാര്‍ത്തകള്‍ പ്രചരിക്കുന്നത് കണ്ടു. ഞങ്ങള്‍ക്ക് നീതികിട്ടാന്‍ നടത്തിയ നിയമപോരാട്ടം നല്ല മനസ്സുള്ള മുഴുവന്‍ ആളുകളുടെയും പിന്തുണയുടെയും പ്രാര്‍ത്ഥനയുടെയും ഫലമായാണ് വിജയിച്ചതെന്ന് ഉത്തമ ബോധ്യമുണ്ട്. ഇസ്‌ലാം സ്വീകരിച്ച ആദ്യ ഘട്ടങ്ങളില്‍ പലരെയും സമീപിച്ചപ്പോള്‍ അവരെല്ലാം ഒഴിഞ്ഞുമാറിയിരുന്നു. പോപുലര്‍ ഫ്രണ്ടും സത്യസരണിയുമാണ് എന്നെ സ്വീകരിക്കാനും പിന്തുണക്കാനും തയ്യാറായത്. ചോദ്യത്തിന് ഉത്തരമായി പറഞ്ഞ പ്രസ്തുത കാര്യത്തെ തെറ്റിദ്ധരിച്ചാണ് പലരും വാര്‍ത്ത നല്‍കുകയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുകയോ ചെയ്തത് എന്നാണ് മനസ്സിലാകുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സുപ്രീംകോടതിയില്‍ നടത്തിയ നിയമ നീക്കങ്ങളെ പറ്റിയല്ല ഞാന്‍ അത്തരം ഒരു പരാമര്‍ശം നടത്തിയത്. നല്ലവരായ നിരവധിപേര്‍ ആത്മാര്‍ത്ഥമായി തന്നെ കൂടെ നിന്നിട്ടുണ്ട്. നിയമപരമായ നീക്കങ്ങള്‍ക്ക് ധൈര്യസമേതം നേതൃത്വം നല്‍കിയത് പോപുലര്‍ ഫ്രണ്ട് ആണെന്നും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.വിവിധ മേഖലകളില്‍ സജീവമായ ആക്ടിവിസ്റ്റുകള്‍, ഓണ്‍ലൈനില്‍ എന്റെ നീതിക്ക് വേണ്ടിയുള്ള ശബ്ദം സജീവമാക്കി നിര്‍ത്തിയ ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍, സംസ്ഥാനത്തിനു അകത്തും പുറത്തും എന്റെ മോചനത്തിനു വേണ്ടി കാമ്പയിന്‍ നടത്തിയ കൂട്ടായ്മകള്‍, രാഷ്ട്രീയത്തിന്നതീതമായി വിവിധ രാഷ്ട്രീയ സംഘടനയില്‍പെട്ടവര്‍, മതസംഘടനാ പ്രവര്‍ത്തകര്‍, ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍,ഞാന്‍ തടവില്‍ കിടന്ന സമയത്ത് വീടിന്നരികില്‍ വന്ന് സമരം നടത്താന്‍ തയ്യാറായ എന്റെ സഹോദരിമാര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എന്റെ മോചനത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും വേണ്ടി വ്രതമെടുത്തും നമസ്‌ക്കരിച്ചും പ്രാര്‍ത്ഥിച്ചവര്‍, എന്റെ നീതിക്ക് വേണ്ടി തെരുവിലും നീതിപീഠത്തിലും പോരാട്ടം നടത്തിയവര്‍...ഇവര്‍ക്കെല്ലാം ഞാന്‍ എന്റെ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണ്.ഞാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു കാര്യത്തെ വിവാദമാക്കിയതില്‍ വിഷമമുണ്ട്. ഞങ്ങള്‍ക്ക് നീതി കിട്ടാന്‍ നടത്തിയ നീക്കങ്ങളെയും പ്രാര്‍ത്ഥനയെയും നന്ദിയോടെ അനുസ്മരിക്കുന്നു. അല്ലാഹു എല്ലാവര്‍ക്കും പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.
പ്രാര്‍ത്ഥനയോടെ
ഡോ. ഹാദിയ