സമ്മേളനത്തിലുണ്ടായത് ക്രിയാത്മക വിമർശനങ്ങൾ മാത്രം
കൊച്ചി- പോലീസ് നടപ്പാക്കേണ്ടത് ഇടതു നയമല്ലെന്നും സർക്കാർ നയമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോലീസിന്റെ പ്രവർത്തനങ്ങളിൽ എല്ലാ കാലത്തും ഒറ്റപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് തിരിച്ചറിഞ്ഞ് തിരുത്തൽ നടത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇടതുപക്ഷത്തിന് ഒരു പോലീസ് നയമുണ്ട്. അത് ജനസൗഹൃദമാണ്. അതിൽ എന്തെങ്കിലും പാളിച്ചയുണ്ടെങ്കിൽ തിരുത്തുകയാണ് വേണ്ടത്. പോലീസിന്റെ പ്രവർത്തനങ്ങൾക്കെതിരെ സമ്മേളനത്തിൽ വിമർശനം ഉയർന്നിട്ടില്ല. അങ്ങനെ പറയണമെന്ന് ആഗ്രഹിച്ചാണ് നിങ്ങൾ പുറത്തു നിൽക്കുന്നത്. പക്ഷെ അങ്ങനെ ഉണ്ടാകുന്നില്ല. പറയാനുള്ളത് പറയാൻ ധൈര്യമുള്ളവരാണ് പാർട്ടി സമ്മേളനത്തിന് വരുന്ന പ്രതിനിധികൾ. മുഖ്യമന്ത്രിയെ പേടിച്ച് വിമർശനമുന്നയിക്കാതിരിക്കുന്നവരല്ല അവർ. സി.പി.എമ്മിനെ പോലെ ശക്തമായ സ്വയം വിമർശനം ഉന്നയിക്കുന്ന പാർട്ടി വേറെയില്ല. ഏത് വിമർശനവും പാർട്ടിയിൽ ഉന്നയിക്കാം. മാധ്യമങ്ങൾ പുറത്തിരുന്ന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ മാത്രമേ ഉള്ളൂവെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി കോടിയേരി പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങൾ നിശിതമായ വിമർശനത്തിനും സ്വയം വിമർശനത്തിനും വിധേയമായിട്ടുണ്ട്. പാർട്ടി സെന്റർ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന സ്വയംവിമർശനം സമ്മേളനത്തിൽ ഉയർന്നിട്ടുണ്ട്. കൂടുതൽ അംഗങ്ങൾ സംസ്ഥാന കേന്ദ്രത്തിൽ പ്രവർത്തിക്കണമെന്ന അഭിപ്രായം ഉയർന്നു. ഗവൺമെന്റിന്റെ പ്രവർത്തനം, തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം, മാധ്യമ രംഗത്തുള്ള പ്രവർത്തനം തുടങ്ങി വലിയ ഉത്തരവാദിത്തങ്ങളാണ് പാർട്ടിക്കുളളത്. അതിന് കൂടുതൽ അംഗങ്ങൾ സെക്രട്ടേറിയറ്റിൽ കേന്ദ്രീകരിച്ച് പാർട്ടി സെന്ററിർ പ്രവർത്തിക്കണമെന്നാണ് സമ്മേളനത്തിൽ അഭിപ്രായം ഉയർന്നത്. റവന്യുവകുപ്പിനെക്കുറിച്ച് പുറത്തുപറയാവുന്ന വിമർശനങ്ങൾ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ കോടിയേരി, എൽ എഡി എഫ് പരിശോധിക്കേണ്ട കാര്യങ്ങൾ മാത്രമേ ഉള്ളൂവെന്നും പുറത്തുപറഞ്ഞു പരിഹിക്കേണ്ട പ്രശ്‌നങ്ങളില്ലെന്നും വിശദീകരിച്ചു.
ആരെങ്കിലും നോക്കുകൂലി വാങ്ങുന്നുണ്ടെങ്കിൽ അത് വ്യക്തിപരമായ കുറ്റകൃത്യമാണണെന്ന് കോടിയേരി പറഞ്ഞു. നോക്കുകൂലിക്ക് നേരത്തെ തന്നെ പാർട്ടി എതിരാണ്. അത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് പാർട്ടി നിലപാട്. നോക്കുകൂലി സമ്പ്രദായം ഒരുതരത്തിലും പ്രോത്‌സാഹിപ്പിക്കാൻ പാടില്ല. സി ഐ ടി യു ട്രേഡ് യൂണിയൻ സംഘടനകളെല്ലാം അതിന് എതിരാണ്. ഒരുതരത്തിലും സംഘടനയുടെ അംഗീകാരം നോക്കുകൂലിക്കില്ലെന്ന് കോടിയേരി വ്യക്തമാക്കി. കെ റെയിലിന് എതിരായ സമരങ്ങൾ ഒരുവശത്ത് നടക്കുമെന്നും പദ്ധതി നടപ്പാക്കുമെന്നും കോടിയേരി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഗെയിൽ പൈപ്പ് ലൈനിനെതിരെ നടന്നതു പോലുള്ള പ്രക്ഷോഭം ഒരു ഭാഗത്ത് നടക്കും. പക്ഷെ പദ്ധതി നടക്കുക തന്നെ ചെയ്യും.
സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖക്കെതിരെ ആരും വിമർശനം ഉന്നയിച്ചിട്ടില്ല. എന്നാൽ അതിൽ ഉൾക്കൊള്ളിക്കുന്നതിന് നിർദേശങ്ങൾ ഉയർന്നിട്ടുണ്ട്. തോട്ടവിള സംബന്ധിച്ചും വനമേഖലയുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, തീരദേശ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, ജലസ്രോതസുകളുടെ സംരക്ഷണം, ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യവികസനം, പഞ്ചായത്തുകൾ തോറും ടൂറിസം കേന്ദ്രങ്ങൾ, കാർഷിക മേഖലയിൽ തൊഴിൽസേന, കാർഷികോൽപനങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിന് സംഭരണ വിപണന സംവിധാനം, കാർഷിക ഉൽപന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉൽപന്നങ്ങൾക്ക് സംവിധാനം, കാർഷികോൽപാദനം വർധിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളും സഹകരണ മേഖലയും യോജിച്ചുള്ള പദ്ധതികൾ, പട്ടയ പ്രശ്‌നത്തിനുള്ള വേഗത്തിലുള്ള പരിഹാരം, നയരേഖയുടെ സമയബന്ധിതമായ നടപ്പിലാക്കൽ തുടങ്ങിയ നിരവധി നിർദേശങ്ങൾ സമ്മേളനത്തിൽ ഉയർന്നു. ഇതിൽ ഉൾക്കൊള്ളിക്കേണ്ട കാര്യങ്ങൾ ഉൾക്കൊളിച്ച് രേഖ ഇന്ന് സംസ്ഥാന സമ്മേളനത്തിന്റെ അംഗീകരാരത്തിന് സമർപ്പിക്കും. സമ്മേളനം അംഗീകരിച്ചു കഴിഞ്ഞാൽ രേഖ ഘടകകക്ഷികൾക്ക് നൽകും. ഇടതുമുന്നണിയുടെ അംഗീകാരത്തോടെ നടപ്പാക്കുമെന്ന് കോടിയേരി പറഞ്ഞു.