തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോരിന് താത്കാലിക വിരാമമായതിനുപിന്നാലെ കലാമണ്ഡലം സര്‍വകലാശാലാ വൈസ് ചാന്‍സലറെ വിളിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കലാമണ്ഡലത്തിലെ പി.ആര്‍.ഒ.യെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ഫയലുകളുമായി തിങ്കളാഴ്ച രാജ്ഭവനില്‍ എത്താനാണ് ഗവര്‍ണറുടെ ഓഫീസ് വി.സി. ടി.കെ. നാരായണനോടു നിര്‍ദേശിച്ചത്.
ഗവര്‍ണര്‍ക്കെതിരേ വി.സി. നല്‍കിയ കേസ് സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടും പി.ആര്‍.ഒ.യ്ക്ക് നിയമനം നല്‍കാത്തതിനെത്തുടര്‍ന്നാണ് വി.സി.യെ വിളിച്ചുവരുത്തുന്നതെന്നാണ് വിവരം.
സര്‍വകലാശാലാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശത്തു നടത്തിയ ഒരു പരിപാടിയുടെ മുഴുവന്‍ പണവും സര്‍വകലാശാലയ്ക്കു ലഭിച്ചില്ലെന്ന വീഴ്ച ചൂണ്ടിക്കാട്ടിയാണ് 2017ല്‍ പി.ആര്‍.ഒ. ഗോപീകൃഷ്ണനെ വി.സി. സസ്‌പെന്‍ഡ് ചെയ്തത്. വിദേശ പരിപാടിയുടെ ടൂര്‍ കോഓര്‍ഡിനേറ്ററായിരുന്നു പി.ആര്‍.ഒ.പണം മുഴുവനും ലഭിക്കാത്തതിന് പി.ആര്‍.ഒ. കാരണക്കാരന്‍ അല്ലാതിരുന്നിട്ടും അദ്ദേഹത്തിനുമേല്‍ കുറ്റം ചുമത്തുകയായിരുന്നു എന്നാണ് ആരോപണം. നഷ്ടമായ തുകയും പലിശയും പി.ആര്‍.ഒ. സ്വന്തംനിലയ്ക്ക് സര്‍വകലാശാലയ്ക്ക് നല്‍കി.
പക്ഷേ, ഇത് പരിഹാരമല്ലെന്നുപറഞ്ഞ് പി.ആര്‍.ഒ.യെ ആദ്യം സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പി.ആര്‍.ഒ. ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഇതു പരിഗണിച്ച് തിരിച്ചെടുക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു.
വിഷയത്തില്‍ ഹിയറിങ് നടക്കവേ, കല്‍പ്പിത സര്‍വകലാശാലയായ കലാമണ്ഡലത്തില്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അധികാരമില്ലെന്ന് വി.സി വാദിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ വാദം നിര്‍ത്തിെവച്ച് സര്‍ക്കാരിനോട് അഭിപ്രായം തേടി.സര്‍വകലാശാലയില്‍ പി.ആര്‍.ഒ. തസ്തിക ആവശ്യമില്ലെന്നും അത് ഇല്ലാതാക്കിയെന്നും കാട്ടി വി.സി. സര്‍ക്കാരിന് കത്തയച്ചു. സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. ചാന്‍സലറുടെ അധികാരത്തിന്മേല്‍ സര്‍ക്കാര്‍ കൈകടത്തുന്നുവെന്ന് കാട്ടിയുള്ള ഗവര്‍ണറുടെ കത്തില്‍ കലാമണ്ഡലം വി.സി.യുടെ നടപടിയെയും വിമര്‍ശിച്ചിരുന്നു.മാസങ്ങള്‍ക്കുശേഷമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. കലാമണ്ഡലത്തിലും ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ഹിയറിങ് പുനരാരംഭിച്ച് പി.ആര്‍.ഒ.യെ തിരിച്ചെടുക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടത്. എന്നാല്‍ തിരിച്ചെടുക്കാതിരുന്ന വി.സി., ഗവര്‍ണറുടെ തീരുമാനത്തിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.