ദമാം- സൗദിയിൽനിന്ന് എക്‌സിറ്റ് (ഫൈനൽ വിസ) അടിക്കണമെങ്കിൽ ഇഖാമയിൽ രണ്ടു മാസം കാലാവധി വേണമെന്ന പ്രചാരണം തെറ്റ്. ഫൈനൽ എക്‌സിറ്റിൽ നാട്ടിലേക്ക് പോകണമെങ്കിൽ ഇഖാമയിൽ രണ്ടുമാസത്തെ കാലാവധി വേണമെന്നും അല്ലെങ്കിൽ ഇഖാമ പുതുക്കിയ ശേഷം മാത്രമേ എക്‌സിറ്റ് അടിക്കാനാകൂ എന്നുമായിരുന്നു പ്രചാരണം. എന്നാൽ ഇക്കാര്യം ജവാസാത്ത് ഔദ്യോഗികമായി നിഷേധിച്ചു. അൽ അഹ്‌സ ഇസ്്‌ലാമിക് സെന്ററിലെ പ്രബോധകൻ എം. നാസർ മദനി ജവാസാത്തിനോട് ഇത് സംബന്ധിച്ച വിശദീകരണത്തിനായി അപേക്ഷ നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഫൈനൽ എക്‌സിറ്റ് അടിക്കാൻ ഇഖാമയിൽ രണ്ടു മാസത്തെ കാലാവധി വേണമെന്ന പ്രചാരണം തെറ്റാണെന്ന് ജവാസാത്ത് അറിയിച്ചത്. ഇഖാമയിൽ കാലാവധി തീരുന്നതിന്റെ അവസാന ദിവസം വരെ എക്‌സിറ്റ് അടിക്കാൻ കഴിയും. പിന്നീട് സൗദി വിടാൻ രണ്ടു മാസത്തെ സാവകാശവും ലഭിക്കും. എന്നാൽ, ഈ രണ്ടു മാസത്തേക്ക് ലെവി അടക്കേണ്ടി വരും. അതായത് ഒരാളുടെ ഇഖാമ മാർച്ച് പതിനഞ്ചിനാണ് തീരുന്നതെങ്കിൽ അയാൾക്ക് ഈ ദിവസം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വരെ എക്‌സിറ്റ് അടിക്കാം. തുടർന്നുള്ള അറുപത് ദിവസത്തേക്ക് ഓരോ മാസത്തിനുമുള്ള ലെവി അടക്കേണ്ടി വരും. ഇഖാമയിൽ ഒരു മാസമാണ് കാലാവധി എങ്കിൽ ഒരു മാസത്തേക്കുള്ള ലെവിയാണ് അധികം അടക്കേണ്ടത്.