തിരുവനന്തപുരം- സോളാര്‍ അഴിമതി ആരോപണത്തില്‍ ഉമ്മന്‍ചാണ്ടി നല്‍കിയ കേസില്‍ കോടതി വിധിച്ച മാനനഷ്ടതുക സി.പി.എം നല്‍കിയില്ല. ഉമ്മന്‍ചാണ്ടിക്ക് വി.എസ് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതിയുടെ ഉത്തരവ്. വി.എസിന് വേണ്ടി അപ്പീല്‍ വേളയില്‍ തുക കെട്ടിവച്ചത് മകന്‍ അരുണ്‍കുമാറാണ്. സോളാര്‍ കേസ് മുന്‍നിര്‍ത്തി അധികാരത്തില്‍ വന്ന സി.പി.എം ഈ തുക നല്‍കണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയരുന്നത്. മുതിര്‍ന്ന നേതാവിനെ സഹായിക്കാന്‍ പാര്‍ട്ടി തയാറാകാത്തതില്‍ പാര്‍ട്ടി അണികളില്‍ അമര്‍ഷമുണ്ട്. എറണാകുളത്ത് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ പേസ്റ്ററുകളില്‍നിന്ന് വി.എസിനെ ഒഴിവാക്കിയതും ബോധപൂര്‍വമാണെന്ന് ഇവര്‍ സംശയിക്കുന്നു.
2013 ഓഗസ്റ്റില്‍ ഒരു സ്വകാര്യ ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള വി.എസ് അഴിമതി ആരോപണം ഉയര്‍ത്തിയത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം. 2014 ലാണ് പ്രതിപക്ഷ നേതാവിനെതിരെ ഉമ്മന്‍ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.
തുടര്‍ന്ന് സി.പി.എം നേതൃത്വത്തില്‍ സോളാര്‍ സമരം നടത്തി. സെക്രട്ടേറിയേറ്റ് വളഞ്ഞ് സി.പി.എം രാപകല്‍ സമരം നടത്തി. ആ സമരത്തിന്റെകൂടി പിന്‍ബലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്. ആ നിലയ്ക്ക് വി.എസ്. കെട്ടിവെക്കേണ്ടി വന്ന തുക പാര്‍ട്ടി നല്‍കണമെന്നും നല്‍കാത്തത് വി.എസിനോട് കാട്ടുന്ന അനീതിയാണെന്നുമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി വി.എസ് നടത്തിയ നടപടിയുടെ ഉത്തരവാദിത്തം പാര്‍ട്ടിയാണ് ഏറ്റെടുക്കേണ്ടതെന്നും അവര്‍ പറയുന്നു. വി.എസിനോടുള്ള പ്രതികാരം തീര്‍ക്കലാണെന്നും സംശയിക്കുന്നു.
എന്നാല്‍ പാര്‍ട്ടി സഹായിച്ചില്ലെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് വി.എസിന്റെ മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. വ്യക്തിപരമായി നടത്തുന്ന എല്ലാ കേസുകളുടെയും ചെലവ് വഹിക്കുന്നത് വി.എസ് തന്നെയാണ്. തുക നല്‍കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുമില്ല. അതിനാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്നും അരുണ്‍കുമാര്‍ പറഞ്ഞു.